ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥി രജിത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

കൃഷ്‍ണപ്രഭയും മല്ലിക സുകുമാരനും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുന്‍പ് ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുളി'ന്‍റെ പുതിയ സീസണ്‍ ആണ് ഇത്. ഒട്ടേറെ സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്‍ണ പൂജപ്പുരയുടേതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്‍റെ രചന. നര്‍മ്മത്തിന് പ്രാധാന്യമുള്ള പരമ്പര സംവിധാനം ചെയ്യുന്നത് രാധാകൃഷ്‍ണന്‍ മംഗലത്ത് ആണ്. 

അതേസമയം, ഒരു സിനിമയിലും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് രജിത് കുമാര്‍. 'സ്വപ്‍ന സുന്ദരി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡോ. ഷിനു ശ്യാമളന്‍ ആണ് നായിക. കെ കെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.