ധനുഷ് നായകനാകുന്ന ഒരു പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

തമിഴ് നടൻ ധനുഷ് ഓരോ കഥാപാത്രവും വേറിട്ടതാകാൻ ശ്രദ്ധിക്കാറുണ്ട്. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച വേറിട്ട ചിത്രങ്ങളുടെ സംവിധായകരുമായി കൈകോര്‍ക്കാനും നടൻ ധനുഷ് ശ്രദ്ധ ചെലുത്താറുണ്ട് എന്നത് വ്യക്തമാണ്. വൻ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ സംവിധായകൻ ചിദംബരം ധനുഷിനെ നായകനാക്കി ഒരു ചിത്രം ചെയ്‍തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ധനുഷ് അമരൻ സംവിധായകനൊപ്പമാണ് ആദ്യം എത്തുക എന്നതാണ് പുതിയ അപ്‍ഡേറ്റ്.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന അമരന്റെ സംവിധായകൻ രാജ്‍കുമാര്‍ പെരിയസ്വാമിക്കൊപ്പം നടൻ ധനുഷും ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മിക്കുന്നത് ഗോപുരം ഫിലിംസായിരിക്കും. നിലവില്‍ ശിവകാര്‍ത്തികേയന്റെ അമരന്റെ തിരക്കിലാണ് സംവിധായകൻ രാജ്‍കുമാര്‍ പെരിയസ്വാമി. മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക് ചിത്രമായ അമരനില്‍ സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായി എത്തുക.

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായനാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഏപ്രില്‍ 11നായിരിക്കും ധനുഷ് സംവിധായകനുമാകുന്ന ചിത്രം രായൻ റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. രായൻ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനുഷ് ചിത്രം വൈകിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ റിലീസ് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

എസ് ജെ സൂര്യ ധനുഷിന്റെ സംവിധാനത്തിലുള്ള രായനില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്‍പെൻസുകള്‍ നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്ചേഴ്‍സ്. ഛായാഗ്രാഹണം ഓം പ്രകാശ്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Read More: തമിഴിലും ഞെട്ടിച്ച് പ്രേമലു, വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക