മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് പറയുന്നത്
ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ സർവ്വകാല റെക്കോർഡുകളിൽ പലതും തകർത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി വീണ്ടും ബ്രഹ്മാണ്ഡ ചിത്രവുമായെത്തുന്നു. ആർ ആർ ആർ എന്ന് പേരിട്ട ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ രാജമൗലി തന്നെ പുറത്തുവിട്ടു. തെലുങ്ക് നടൻമാരായ ജൂനിയർ എൻടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. 400 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ അജയ് ദേവഗണും ആലിയഭട്ടും അടക്കമുള്ളവർ അണിനിരക്കുമെന്നാണ് ഇപ്പോൾ സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യൻ വെള്ളിത്തിരയിലേക്ക് സൂപ്പർ നായിക ആലിയ എത്തുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുകയെന്നാണ് സൂചനകൾ. അതേസമയം അജയ് ദേവഗണിന്റെ വേഷത്തെക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ല. മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് പറയുന്നത്.
തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനി, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ് എന്നിവരും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്നുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലാകും ചിത്രത്തിന്റെ റിലീസ്. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി വി വി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എം കീരവാണി സംഗീതം പകരുന്ന ആർആർആർ 2020 ജൂലൈ ആവസാനം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.
അഭിനേതാക്കൾക്കായി പ്രത്യേക ശിൽപ്പശാല നടത്താൻ രാജമൗലി തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നവംബർ മധ്യത്തിലായിരിക്കും അഭിനേതാക്കൾക്ക് പ്രത്യേക ശിൽപ്പശാല നടത്തുക. സംവിധായകൻ എസ് എസ് രാജമൌലിയും മറ്റ് സാങ്കേതികപ്രവർത്തകരും ശിൽപ്പശാല നയിക്കും. വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
