ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ സിനിമകള്‍ പ്രഖ്യാപിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അവയില്‍ മൂന്ന് ചിത്രങ്ങള്‍ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ആയ ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി വഴി പെയ്‍ഡ് ആന്‍റ് വാച്ച് രീതിയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നു. സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.

രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയുടെ രചന അദ്ദേഹത്തിന്‍റേത് തന്നെയാണ്. പക്ഷേ സംവിധാനം മറ്റൊരാളാണ്. നവാഗതനായ ദൊരസൈ തേജയാണ് സംവിധായകന്‍. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം. 

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്പരയിലെ ആദ്യ ചിത്രത്തില്‍. രാമു എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യം ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ആദ്യ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കുമെന്നും രാമു പറയുന്നു. മറ്റൊരു നടനായിരിക്കും ഊ ഭാഗത്തിലെ നായകന്‍. 'ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി. സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ചിത്രം വിവാദമാകുമെന്ന് പ്രഖ്യാപന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് രാമു.