'ആര്‍ജിവി മിസ്സിംഗ്' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമയുടെ പേര്. രാം ഗോപാല്‍ വര്‍മ്മ എന്നതിന്‍റെ ചുരുക്കെഴുത്തായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം അദ്ദേഹം ഉപയോഗിക്കുന്ന പേരാണ് ആര്‍ജിവി
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏറ്റവുമധികം സിനിമകള്‍ പ്രഖ്യാപിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ആയിരിക്കും, ഒരുപക്ഷേ ലോകത്തുതന്നെ. കൊവിഡ് കാലത്ത് പത്തിലധികം സിനിമകളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതില്‍ ചിലതൊക്കെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ആയ ആര്‍ജിവി വേള്‍ഡിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു അദ്ദേഹം. 'കമ്പനി'യും 'സര്‍ക്കാരു'മൊക്കെ മുന്‍പ് ചെയ്ത സംവിധായകന്‍റെ നിഴല്‍ മാത്രമാണ് ഇപ്പോഴത്തെ രാം ഗോപാല്‍ വര്‍മ്മയെന്ന് പ്രേക്ഷകാഭിപ്രായമുണ്ടെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ അദ്ദേഹം അന്നുമിന്നും ഒരുപോലെയാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമാപ്രഖ്യാപനവും അത്തരത്തില്‍ ഒന്നാണ്.
'ആര്‍ജിവി മിസ്സിംഗ്' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമയുടെ പേര്. രാം ഗോപാല്‍ വര്‍മ്മ എന്നതിന്‍റെ ചുരുക്കെഴുത്തായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം അദ്ദേഹം ഉപയോഗിക്കുന്ന പേരാണ് ആര്‍ജിവി. 'നിരപരാധിയായ ഇര' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഒരു ന്യൂസ് ചാനലിന്‍റെ സ്ക്രീന്‍ ഗ്രാബിന്‍റെ മാതൃകയിലാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'പികെ ആരാധകരെയും മെഗാ കുടുംബത്തെയും മുന്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ പുത്രനെ'യുമാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് സംശയിക്കുന്നതെന്ന് ബ്രേക്കിംഗ് വാര്‍ത്ത പോകുന്ന തരത്തിലാണ് പോസ്റ്റര്‍.

ജൂലൈയില്‍ 'പവര്‍ സ്റ്റാര്‍' എന്ന ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തപ്പോഴും വിവാദമുണ്ടായിരുന്നു. തെലുങ്ക് സിനിമയില്‍ നടന്‍ പവന്‍ കല്യാണിനുള്ള വിശേഷണമാണ് 'പവര്‍ സ്റ്റാര്‍' എന്നത്. പവന്‍ കല്യാണിന്‍റെ രൂപഭാവങ്ങളോടെയാണ് ചിത്രത്തിലെ നായകനെ അവതരിപ്പിച്ചതെന്നും പല റെഫറന്‍സുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആരാധകര്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പബ്ലിസിറ്റി മെറ്റീരിയലുകള്‍ പുറത്തുവന്നപ്പോഴത്തെ ശ്രദ്ധയൊന്നും റിലീസായപ്പോള്‍ ഈ സിനിമ നേടിയില്ല. ഇപ്പോള്‍ വീണ്ടും പവന്‍ കല്യാണിനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കുമെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകരുടെ പട്ടികയിലുണ്ടായിരുന്ന രാം ഗോപാല്‍ വര്‍മ്മ.
