തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ 'ശശികല'യും പുറത്തെത്തുമെന്നും സംവിധായകന്‍ 

കൊവിഡ് കാലത്ത് ഏറ്റവുമധികം സിനിമകള്‍ പ്രഖ്യാപിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ്. അവയില്‍ പലതും വിവാദങ്ങളാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാമു. 'ശശികല' എന്ന പേരില്‍ ഒരുക്കുന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ അറിയിപ്പ്.

'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് ഇതേക്കുറിച്ചുള്ള ആദ്യ ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ 'ശശികല'യും പുറത്തെത്തുമെന്നും സംവിധായകന്‍ പറയുന്നു. 'ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ'മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. 

View post on Instagram

'ലക്ഷ്മീസ് എന്‍ടിആര്‍' എന്ന നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ജയലളിത, ശശികല, എടപ്പാടി കെ പളനിസാമി എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രമെന്നാണ് രാമുവിന്‍റെ മറ്റൊരു ട്വീറ്റ്. നേതാക്കളുടെ പേരുകള്‍ മുഴുവന്‍ പറയാതെ ആദ്യാക്ഷരങ്ങള്‍ മാത്രമാണ് രാമു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഡിസംബര്‍ ആദ്യവാരം പുറത്തിറക്കുമെന്നും സംവിധായകന്‍ പറയുന്നു.

View post on Instagram

അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി കെ ശശികല. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴ അടച്ചതിനാല്‍ ജനുവരിയോടെ ഇവരുടെ മോചനം നടക്കുമെന്ന് അഭിഭാഷകന്‍ ദിവസങ്ങള്‍ക്കു മുന്‍പ് അറിയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ അഭിഭാഷകൻ അടച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. പയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ മാസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു.