സൈജു കുറുപ്പ്, ഷെയ്ൻ തുടങ്ങിയവർ രാം ​ഗോപാൽ വർമയുടെ ട്വീറ്റ് പങ്കുവച്ച് നന്ദി അറിയിച്ചു.

ഷെയ്‍ന്‍ നിഗം (Shane Nigam), രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഭൂതകാല'ത്തെ (Bhoothakaalam) പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമയാണ് 'ഭൂതകാലം'. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയ്ൻ നിഗം വളരെ ബ്രില്യന്റ് ആയി അഭിനയിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ഭൂതകാലത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’, എന്നാണ് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

പിന്നാലെ സൈജു കുറുപ്പ്, ഷെയ്ൻ തുടങ്ങിയവർ രാം ​ഗോപാൽ വർമയുടെ ട്വീറ്റ് പങ്കുവച്ച് നന്ദി അറിയിച്ചു. നിര്‍മ്മാണത്തിലും ഷെയ്‍ന്‍ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രമാണ് ഭൂതകാലം. പ്ലാന്‍ ടി ഫിലിംസ്, ഷെയ്‍ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. 

സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ഷഹനാദ് ജലാൽ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ്.