രാം ഗോപാല്‍ വര്‍മ്മ തന്നെ തന്‍റെ എക്‌സ് അക്കൗണ്ടിൽ വധഭീഷണി മുഴക്കുന്ന ടിവി ചര്‍ച്ചയുടെ ക്ലിപ്പുകള്‍ പങ്കുവച്ചിരുന്നു
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിനെതിരെ സംവിധായകന്‍ രാം ഗോപാൽ വർമ്മ ആന്ധ്രാപ്രദേശ് പോലീസിൽ പരാതി നൽകി. സംവിധായകന്റെ തലവെട്ടുന്നവർക്ക് കോളിക്കപ്പുടി ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ടിവി5 നടത്തിയ ഒരു തത്സമയ ടെലിവിഷൻ ചര്‍ച്ചയിലായിരുന്നു വിവാദ പ്രസ്താവന ഇതേ തുടര്‍ന്നാണ് രാം ഗോപാല്‍ വര്‍മ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
രാം ഗോപാല്‍ വര്‍മ്മ തന്നെ തന്‍റെ എക്‌സ് അക്കൗണ്ടിൽ വധഭീഷണി മുഴക്കുന്ന ടിവി ചര്‍ച്ചയുടെ ക്ലിപ്പുകള്‍ പങ്കുവച്ചിരുന്നു. “രാം ഗോപാൽ വർമ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാൽ ഞാൻ അദ്ദേഹത്തിന് ഒരു കോടി രൂപ നൽകും” എന്ന് പറയുന്നത് വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. "ദയവായി സർ, നിങ്ങളുടെ വാക്കുകൾ പിൻവലിക്കൂ" എന്ന് അവതാരകന്‍ പറയുന്നതും ക്ലിപ്പിലുണ്ട്.
ആന്ധ്രാപ്രദേശിലെ രാഷ്ട്രീയം സംബന്ധിച്ച രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ വ്യൂഹം എന്ന സിനിമയുടെ ചർച്ചയ്ക്കിടെയാണ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിന്‍റെ വിവാദ പ്രസ്താവന. അവതാരകന്‍ വിലക്കിയിട്ടും ഇയാള്‍ വധ ഭീഷണി തുടരുന്നതായി ക്ലിപ്പിലുണ്ട്.
“ഒരു ന്യൂനപക്ഷ സമുദായത്തെ കുറിച്ച് ഇതുപോലെയുള്ള സിനിമകൾ ചെയ്യാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അയാളെ വീട്ടിൽ വെച്ച് ചുട്ടുകൊല്ലും. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാല്‍ രാം ഗോപാല്‍ വര്‍മ്മയെ സ്വതന്ത്രനായി വിഹരിക്കാൻ അനുവദിക്കരുത്. ഞാനും ചിരഞ്ജീവിയുടെ ആരാധകനാണ്, ഞാൻ പ്രതിഷേധിക്കുന്നു'- ക്ലിപ്പില്‍ തുടര്‍ന്ന് പറയുന്നു.
ബുധനാഴ്ച വിജയവാഡയിലെ ഡിജിപി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതായി രാം ഗോപാല്‍ വര്‍മ്മ അപ്‌ഡേറ്റ് നൽകി. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം ഒരു ചിത്രത്തിന് പോസ് ചെയ്തുകൊണ്ട് പരാതി നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
അതേ സമയം രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ 'വ്യൂഹം' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് രംഗത്ത് എത്തിയിരുന്നു. തെലങ്കാന ഹൈക്കോടതിയിലാണ് ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ കൂടിയായ നര ലോകേഷ് ഹർജി നൽകിയത്. ഡിസംബർ 29നാണ് വ്യൂഹത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്‍റെ പ്രചരണത്തിന്‍റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം. നേരത്തെ തന്നെ ജഗനുമായി അടുത്ത വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ കക്ഷി ടിഡിപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. 2019 ല്‍ ടിഡിപി സ്ഥാപക നേതാവും സൂപ്പര്‍ താരവുമായി എന്‍ടിആറും ലക്ഷ്മി പാര്‍വ്വതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് 'ലക്ഷ്മിയുടെ എന്‍ടിആര്‍' എന്ന പടം രാം ഗോപാല്‍ വര്‍മ്മ പിടിച്ചിരുന്നു.
രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്
ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി രാംഗോപാൽ വർമ്മ ചിത്രം വ്യൂഹം: പ്രതിപക്ഷം കോടതിയിലേക്ക്
