രാം ഗോപാല്‍ വര്‍മ്മ ഇതുവര ചെയ്തതില്‍ ഏറ്റവും ചെലവേറിയ സിനിമ
ഒരുകാലത്ത് ഹിന്ദി സിനിമയില്‍ പുതിയ ദൃശ്യഭാഷയുമായി വന്ന് വലിയ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ (Ram Gopal Varma). തെലുങ്കില്‍ തുടങ്ങി ബോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചു. എന്നാല്‍ 2010നു ശേഷം പല ചിത്രങ്ങളും പരാജയങ്ങളായതോടെ ബോളിവുഡില്‍ അദ്ദേഹത്തിന്‍റെ പ്രഭാവം നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ചില ലോ ബജറ്റ് സിനിമകള്‍ ഒരുക്കി കര്‍മ്മനിരതനായി നിന്ന രാം ഗോപാല്‍ വര്‍മ്മ ആ ചിത്രങ്ങളുടെ അമച്വറിഷ് സ്വഭാവത്തിന് പഴി കേള്‍ക്കേണ്ടിവരികയും ചെയ്‍തു. ഇപ്പോഴിതാ ഒരു വന്‍ കാന്‍വാസ് ചിത്രവുമായി കരിയറില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് അദ്ദേഹം. ആയോധന കലയ്ക്ക് പ്രാധാന്യമുള്ള ലഡ്‍കി: എന്‍റര്‍ ദ് ഗേള്‍ ഡ്രാഗണ്‍ (Ladki) എന്നു പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.
പൂജ ഭലേക്കർ നായികയാവുന്ന ചിത്രത്തില്‍ അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഇന്തോ- ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നീ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാൻ ഡോൺബിംഗ്, വി വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ALSO READ : ബി ഉണ്ണികൃഷ്ണന്‍റെ ത്രില്ലറില്‍ മമ്മൂട്ടി പൊലീസ് ഓഫീസര്‍; വില്ലനായി വിനയ് റായ്
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ആക്ഷൻ, റൊമാൻസ് വിഭാഗത്തിലുള്ള ചിത്രം രാം ഗോപാല്‍ വര്‍മ്മ ഇതുവര ചെയ്തതില്‍ ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനാഷണൽ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ലോകമെമ്പാടുമായി 47,530 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് സംവിധായകന്‍റെ അവകാശവാദം. ഛായാഗ്രഹണം കമൽ ആർ, റമ്മി, സംഗീതം രവി ശങ്കർ, കലാസംവിധാനം മധുഖർ ദേവര, വസ്ശ്രേത്യരാലങ്കാരം ബാനർജി, വാർത്താ പ്രചരണം പി ശിവപ്രസാദ്.

