Asianet News MalayalamAsianet News Malayalam

'പുഴ മുതല്‍ പുഴ വരെ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

2021 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ

ramasimhar aboobakker announced release date of 1921 puzha muthal puzha vare nsn
Author
First Published Feb 4, 2023, 11:46 PM IST

പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറയുന്നു.

'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു. 

ALSO READ : എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റ്! 10-ാം ദിവസം 'ദംഗലി'നെ മറികടന്ന് 'പഠാന്‍'

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് 'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios