നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രാമായണ. തലമുറകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഇതിഹാസ കാവ്യത്തിന്‍റെ ബിഗ് കാന്‍വാസ് ചലച്ചിത്രാവിഷ്കാരം എന്നത് തന്നെ കാരണം. മൂന്ന് ദിവസം മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലറിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെങ്കിലും സിനിമയ്ക്കായി അവര്‍ക്കിടയിലുള്ള കാത്തിരിപ്പ് വെളിവാക്കുന്നതായിരുന്നു അത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സീതാദേവിയുടെ റോളില്‍ എത്തുന്നത് സായ് പല്ലവിയാണ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആകെ ബജറ്റ് 4000 കോടി ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്ര വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനേതാക്കള്‍ വാങ്ങുന്ന പ്രതിഫലം എത്രയായിരിക്കും? ഇപ്പോഴിതാ അത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
ഇന്ത്യ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നായകതാരത്തിന് തന്നെയാണ് ചിത്രത്തില്‍ ഏറ്റവുമധികം പ്രതിഫലം. ഓരോ ഭാഗത്തിനും 75 കോടി വീതമാണ് രണ്‍ബീര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതായത് രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് 150 കോടി. രാവണനായി എത്തുന്ന യഷ് ഓരോ ഭാഗത്തിനും 50 കോടി വച്ച് ആകെ 100 കോടി വാങ്ങുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. സീതയായി എത്തുന്ന സായ് പല്ലവി ഓരോ ഭാഗത്തിനും 6 കോടി വച്ച് 12 കോടിയും ലക്ഷ്മണനായി എത്തുന്ന രവി ദുബെ ഓരോ ഭാഗത്തിനും 10 കോടി വച്ച് 20 കോടിയും വാങ്ങുന്നു. ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിനും മികച്ച പ്രതിഫലമാണ് ചിത്രത്തില്‍. ഓരോ ഭാഗത്തിനും 20 കോടി വച്ച് ആകെ 40 കോടി.
ശോഭനയ്ക്കും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷമുണ്ട്. കൈകേയിയാണ് ശോഭനയുടെ കഥാപാത്രം. ദൂരദർശനിലെ രാമായണം പരമ്പരയില്‍ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദശരഥ മഹാരാജാവിന്‍റെ കഥാപാത്രമാണ് അരുണ്‍ അവതരിപ്പിക്കുന്നത്. ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും ഇന്ദ്രനായി കുണാൽ കപൂറും വേഷമിടുന്നുണ്ട്. രണ്ട് ഓസ്കര്‍ ജേതാക്കള്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും പ്രത്യേകതയാണ്. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനുമാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

