സിനിമയുടെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുന്നു

മമ്മൂട്ടിയെ (Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam). ലിജോയുടെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പഴനിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരനിരയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന വിവരം മാത്രമാണ് പുറത്തുവന്നിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് നടി ആരെന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്.

മുന്‍ ബിഗ് ബോസ് തമിഴ് മത്സരാര്‍ഥി കൂടിയായ നടി രമ്യ പാണ്ഡ്യന്‍ (Ramya Pandian) ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഗ് ബോസ് തമിഴ് സീസണ്‍ 4 മത്സരാര്‍ഥിയായിരുന്ന രമ്യ 2015ല്‍ പുറത്തെത്തിയ 'ഡമ്മി തപസ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തില്‍ തന്നെ നായികയായിരുന്നു. പിന്നീട് ജോക്കര്‍, ആണ്‍ ദേവതൈ, സെപ്റ്റംബറില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയ 'രാമെ ആണ്ഡാലും രാവണെ ആണ്ഡാലും' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ പഴനിയില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ രമ്യ ജോയിന്‍ ചെയ്‍തെന്നാണ് റിപ്പോര്‍ട്ട്. രമ്യയുടെ ഒരു ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

സിനിമയുടെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ത്തന്നെ പൂര്‍ത്തിയാക്കാനാണ് ലിജോയുടെ ശ്രമമെന്നും ചിത്രം മലയാളത്തിനൊപ്പം തമിഴിലും പ്രദര്‍ശനത്തിനെത്തുന്ന ബൈലിംഗ്വല്‍ ആണെന്നും ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 30 വര്‍ഷത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്‍റെ ആവേശം അശോകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. "30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ചെയ്‍ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‍തമായിട്ടുള്ള സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. മമ്മൂക്കയുടേതും വളരെ വ്യത്യസ്‍തമായ ഒരു വേഷമാണ്. മമ്മൂക്കയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്", അശോകന്‍ പറഞ്ഞു. മമ്മൂട്ടി കമ്പനി എന്ന തന്‍റെ പുതിയ നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.