കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ 20ന് 

തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റ് ആണ് 'അയ്യപ്പനും കോശിയും' റീമേക്ക്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ സച്ചിയുടെ അവസാനചിത്രം മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോള്‍ അതിന്‍റേതായ വ്യത്യാസങ്ങളുണ്ട്. പ്രധാന വ്യത്യാസം തെലുങ്ക് റീമേക്കില്‍ ടൈറ്റില്‍ കഥാപാത്രമായി ഒരാളേയുള്ളൂ എന്നതാണ്. 'അയ്യപ്പനും കോശിയും' എന്നായിരുന്നു മലയാളം ഒറിജിനലിന്‍റെ പേരെങ്കില്‍ തെലുങ്കിലേക്കെത്തുമ്പോള്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരേ ഉള്ളൂ. ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ തെലുങ്ക് വെര്‍ഷന്‍റെ പേര് തന്നെയാണ് ചിത്രത്തിനും- 'ഭീംല നായക്'. ചിത്രത്തിന്‍റെ ടൈറ്റിലിനൊപ്പം ഇല്ലെങ്കിലും റാണ ദഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി കുര്യന്‍' തെലുങ്കിലെത്തുമ്പോള്‍ 'ഡാനിയല്‍ ശേഖര്‍' ആണ്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ 20ന് പുറത്തെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗും ലൊക്കേഷന്‍ വീഡിയോയുമൊക്കെ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ടൈറ്റില്‍ സോംഗിന് യുട്യൂബില്‍ ഇതിനകം 3.2 കോടി കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. നിത്യ മേനന്‍ ആണ് നായിക.

Scroll to load tweet…

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona