സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് ‘സൂരറൈ പൊട്രു’. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു. 

ട്രെയിലർ പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ 36 ലക്ഷത്തിലധികം വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പലരും ട്രെയിലറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 

അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘അസാധാരണ സ്വപ്‌നവുമായി ഒരു സാധാരണക്കാരന്‍’ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് റാണ ദഗുബതി കുറിച്ചത്. 

ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ നവംബര്‍ 12-ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ ഉര്‍വ്വശി, മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സൂരറൈ പൊട്രു.