കൊവിഡ് കാലത്തായിരുന്നു നടൻ റാണാ ദഗുബാട്ടിയുടെ വിവാഹം കഴിഞ്ഞത്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു മിഹീകയുമായുള്ള വിവാഹം. റാണയുടെ വിവാഹത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാണയുടെ ഹണിമൂണ്‍ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിഹീകയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ് ഇത്.

എവിടെ വെച്ചാണ് എടുത്തതാണ് ഫോട്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. സൂര്യപ്രകാശം ഏറ്റുകിടക്കുന്നതുപോലെയുള്ളതാണ് ഫോട്ടോ. ഓഗസ്റ്റ് എട്ടിനായിരുന്നു റാണിയുടെയും മിഹീകയുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. മുപ്പത് പേരില്‍ താഴെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റാണയുടെ വിവാഹം. കാമുകി മിഹീകയായിരുന്നു വധു. അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തത് എന്ന് റാണ പറഞ്ഞിരുന്നു. കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാൻ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണ്.  സ്റ്റുഡിയോയിലെ വിവാഹം എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞു. അത് മികച്ച ആശയമാണെന്ന് എല്ലാവരും കരുതി. വീട്ടില്‍ നിന്ന് അഞ്ച് മിനുട്ട് മാത്രമാണ് സ്റ്റുഡിയോയിലേക്ക് ഉള്ളത് എന്ന് റാണ പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) വഴിയാണ് തന്റെ കുറെ സുഹൃത്തുക്കള്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചതെന്നും മുമ്പ് റാണ പറഞ്ഞിരുന്നു. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിആര്‍ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുത്തിരുന്നു. വിആര്‍ കാണാനാവശ്യമായ കാര്യങ്ങള്‍ ചെയ്‍തുകൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതുപോലെ തോന്നിയിട്ടുണ്ടാകുമെന്നും റാണ പറയുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് വധുവിന്റെ വീട്ടിലായിരുന്നു നടന്നത്.