കല്യാണി പ്രിയദര്‍ശൻ നായികയായ തെലുങ്ക് സിനിമയാണ് രണരംഗം. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. പക്ഷേ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ്റോക്കേഴ്‍സ് തന്നെയാണ് ചിത്രം ചോര്‍ത്തിയത്. രണരംഗത്തിന്റെ വ്യാജ പതിപ്പ് തമിഴ്‍റോക്കേഴ്‍സ് പുറത്തുവിട്ടു.

രണരംഗത്തിലെ നായകനായി എത്തിയത് ഷര്‍വാനന്ദ് ആയിരുന്നു. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തത്.

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. വെബ്‍സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്‍തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്‍സൈറ്റുകളുടെ ' ഡൊമെയ്ൻ നെയിം' റദ്ദ് ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.