'ബ്രഹ്മാസ്ത്ര' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. 

ബോളിവുഡിലെ പ്രണയജോഡിയായ രൺബീർ കപൂറും(Ranbir Kapoor) ആലിയ ഭട്ടും(Alia Bhatt) ആദ്യമായി ഒന്നിക്കുന്ന 'ബ്രഹ്മാസ്ത്ര'യുടെ(Brahmastra) മോഷൻ പോസ്റ്റർ പുറത്തുവിട്ടു. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

'ബ്രഹ്മാസ്ത്ര' പാർട്ട് ഒന്നിന്റെ മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി നില്‍ക്കുന്ന രണ്‍ബീറിനെ പോസ്റ്ററില്‍ കാണാം. 2022 സെപ്തംബർ 9ന് ചിത്രം റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും. പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളിലായിരുന്നു റിലീസ് ചെയ്തത്.