ദില്ലി: രണ്ടാമൂഴം തിരക്കഥയെ ചെല്ലി എംടി വാസുദേവൻ നായരും സംവിധായകൻ വി എ ശ്രീകുമാറും തമ്മിലുള്ള കേസ് സുപ്രീംകോടതി തീർപ്പാക്കി. ഒത്തുതീർപ്പ് കരാർ കോടതി അംഗീകരിച്ചു. രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനൽകും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക 1.25 കോടി എംടിയും തിരിച്ചുനൽകും. കോടതികളിലുള്ള കേസുകൾ ഇരുവരും പിൻവലിക്കും ഇതാണ് ഒത്തുതീർപ്പ് വ്യവസ്ഥ.

കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എംടിക്കായിരിക്കും. വി എസ് ശ്രീകുമാ‍ർ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെന്ന് മാത്രം. തർക്കം പരിഹരിച്ച് ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് ശ്രീകുമാർ മേനോൻ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

2014 ലായിരുന്നും എം ടിയും വി എസ് ശ്രീകുമാ‍റും രണ്ടാമൂഴം സിനിമയാക്കാൻ കരാറിലൊപ്പിട്ടത്. കരാർ ലംഘനമുണ്ടായതിനെ തുടർന്നാണ് ഇരുവരും ചേർന്നുള്ള സിനിമ ഉപേക്ഷിച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്ന്  ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു.