ഒരു പുരുഷന്റെ മനസ്സ് വായിക്കാൻ കഴിയില്ലെന്നും അവൻ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പ്രവചിക്കാൻ സാധിക്കാത്തതിനാൽ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണമോ എന്നും അവർ ഇൻസ്റ്റാഗ്രാമിൽ ചോദിച്ചു.

ബെംഗളൂരു: തെരുവ് നായ്ക്കളെയും പൊതു സുരക്ഷയെയും കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണത്തെ വിമർശിച്ച് മുൻ ലോക്‌സഭാ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ) രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒരു പുരുഷന്റെ മനസ്സ് പോലും വായിക്കാൻ കഴിയില്ല. അവൻ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് അറിയില്ല, അതിനാൽ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണം- നടി കുറിച്ചു. തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും പൊതുനിരത്തുകളിൽ സ്വതന്ത്രമായി വിഹരിക്കുന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ദിവ്യയുടെ അഭിപ്രായം. വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും തെരുവ് നായ്ക്കൾ അപകടമുണ്ടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, നിരവധി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്സിനേഷൻ നൽകുന്നതിലും പരാജയപ്പെട്ടുവെന്ന് അടുത്തിടെ നടന്ന ഒരു വാദം കേൾക്കലിൽ ബെഞ്ച് ചൂണ്ടിക്കാട്ടി.

റോഡുകൾ നായ്ക്കളിൽ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്നും മുക്തമായിരിക്കണം. രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് ആർക്കും അറിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനിൽ അടുത്തിടെയുണ്ടായ ഇത്തരം അപകടങ്ങളിൽ ജഡ്ജിമാർക്ക് പരിക്കേറ്റ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേത്ത സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കിയികുന്നു. നിയമം പാലിക്കാത്ത സംസ്ഥാനങ്ങൾ കർശന നടപടി നേരിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബറിൽ, സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് നിയുക്ത ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി അധികാരികൾക്ക് നിർദ്ദേശം നൽകി.