Randeep Hooda won the National Film Award for Best Debut Director award for Swatantrya Veer Savarkar. ഗോവയിൽ നടന്ന അൻപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) ഉദ്ഘാടന ചിത്രം കൂടിയായിരുന്നു രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ'.
ന്യൂഡൽഹി: മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വതന്ത്ര വീർ സവർക്കറിലൂടെ രൺദീപ് ഹൂഡ സ്വന്തമാക്കി. ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറായി വേഷമിട്ടത്. ഗോവയിൽ നടന്ന അൻപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) ഉദ്ഘാടന ചിത്രം കൂടിയായിരുന്നു രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ'. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ നിർബന്ധിക്കുന്നുവെന്ന കാരണത്താൽ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് മഞ്ജരേക്കർ പിൻമാറിയതിനെ ശേഷമാണ് രൺദീപ് ഹൂഡ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുന്നത്.
തിയേറ്ററിൽ തകർന്നടിഞ്ഞ ചിത്രം വലിയ രീതിയിലുള്ള വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രം സവർക്കറെ മഹത്വവത്കരിക്കാൻ എടുത്തതാണെന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിന് പിന്നാലെ, അച്ഛന്റെ സ്വത്തുക്കൾ വിറ്റാണ് താൻ സിനിമയെടുത്തതെന്നും, എന്നിട്ട് പോലും ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പറഞ്ഞ് രൺദീപ് ഹൂഡ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ രൺദീപ് ഹൂഡയും സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമയും വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
മമ്മൂട്ടി മികച്ച നടൻ
അതേസമയം ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്‌കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.


