ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

2017ലെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ 'രണ്ടുപേര്‍' എന്ന ചലച്ചിത്രം ഇന്നുമുതല്‍ ഒടിടിയില്‍ കാണാം. നവാഗതനായ പ്രേം ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നീസ്ട്രീം, സൈന പ്ലേ, കേവ്, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയാണ് ചിത്രം. പുതിയ തലമുറയുടെ ബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും രസതന്ത്രം രണ്ട് അപരിചിതരുടെ കാര്‍യാത്രയ്ക്കിടയിലെ സംഭാഷണത്തിലൂടെ അനാവരണം ചെയ്യുകയാണ് ചിത്രം.

ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു. "തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് പുതിയ തലമുറ പുറത്തു കടക്കുന്നുവെന്നത് നേരാണ്, പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറ. ഇതിന്‍റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് അവര്‍ ഏറ്റുവാങ്ങുന്നത്. സ്ഥായിയായ ബന്ധങ്ങളില്ല, ഉള്ള ബന്ധങ്ങള്‍ക്ക് ആഴമില്ല എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍. എന്നാല്‍ ഒരു ബന്ധം മുറിയുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രതിസന്ധിയുടെ തീവ്രത അവരെയും ബാധിക്കുന്നുവെന്നതും സത്യമാണ്. ആ അര്‍ത്ഥത്തില്‍ ഇത് ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ മാത്രം കഥയല്ല. കാരണം ഈ വെല്ലുവിളി ഏത് രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്നതാണ്", പ്രേം ശങ്കര്‍ പറയുന്നു.

"ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ റോഡ് ബ്ലോക്കും ട്രാഫിക്കും ഒക്കെയായി ഇക്കാലത്ത് ഒരുപാടുനേരം, മണിക്കൂറുകള്‍ തന്നെ, കാറില്‍ ചെലവഴിക്കുന്ന മനുഷ്യരുണ്ട്. പല ആളുകളും മറ്റിടങ്ങളില്‍ ഇരുന്ന് സംസാരിക്കുന്നതിനേക്കാളധികം ഇക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സംസാരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഇത്തരം യാത്രകള്‍ സംസാരിക്കാന്‍ പറ്റിയ സമയമാണുതാനും. മറ്റൊന്ന് കാറില്‍ വച്ച് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധമായിട്ടായിരിക്കും സംസാരിക്കുക എന്നും തോന്നിയിട്ടുണ്ട്. കാറിനകത്തായിരിക്കുമ്പോള്‍ ഒപ്പമുള്ളയാളുമായി എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെ ചിത്രം പ്ലാന്‍ ചെയ്തത്", ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ പ്രേം ശങ്കര്‍ പറയുന്നു

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona