വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച രംഗോലി ചന്ദെലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‍പെൻഡ് ചെയ്‍തു. ട്വിറ്ററിന്റെ നിയമാവലിക്ക് എതിരാണ് കങ്കണയുടെ സഹോദരി രംഗോലിയുടെ നടപടി എന്നതിനാലാണ് അക്കൗണ്ട് സസ്‍പെൻഡ് ചെയ്‍തത്.

ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തിൽ വിദ്വേഷവും വൈരാഗ്യവും കലർത്തുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ചതിനാണ് രംഗോലിക്ക് എതിരെ നടപടിയെടുത്തത്. രംഗോലിയുടെ ട്വീറ്റുകള്‍ക്ക് എതിരെ നിരവധി പേര്‍ ഇതിനു മുമ്പ് രംഗത്ത് എത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്നടക്കമുള്ളവര്‍ രംഗോലിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. രംഗോലിയെ ക്വാറന്റൈനിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  ഹിന്ദി താരം സുമിത് കശ്യപ് മഹാരാഷ്‍ട്ര മുഖ്യമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. മുമ്പും തപ്‍സിക്കെതിരെയും ഹൃത്വിക് റോഷനെതിരെയുമുള്ള പരാമര്‍ശങ്ങള്‍ കാരണം രംഗോലി വിവാദത്തില്‍ പെട്ടിരുന്നു.