നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്‍ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ജനുവരി 15നായിരുന്നു റിലീസ്. റിലീസിനു തൊട്ടുപിന്നാലെ, കൈകാര്യം ചെയ്‍ത പ്രമേയത്തിന്‍റെ പ്രത്യേകതകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വലിയ വരവേല്‍പ്പും പ്രേക്ഷകര്‍ നല്‍കിയിരുന്നു. ചിത്രം തുടങ്ങിവച്ച ചര്‍ച്ചകള്‍ ആഴ്ചകളോളം സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്നിരുന്നു. ഇപ്പോഴിതാ മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചതിനു ശേഷം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ് ചിത്രം. ബാഡ്‍മിന്‍റണ്‍ താരം ജ്വാല ഗുട്ട ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം റആണി മുഖര്‍ജിയും ചിത്രം കണ്ടതിനു ശേഷമുള്ള തന്‍റെ അഭിനന്ദനം സംവിധായകനെ അറിയിച്ചിരിക്കുകയാണ്. സുഹൃത്ത് പൃഥ്വിരാജിലൂടെയാണ് സംവിധായകന്‍ ജിയോ ബേബിക്ക് നല്‍കാനുള്ള മെസേജ് റാണി മുഖര്‍ജി അയച്ചത്. ഈ മാസം 2ന് ആയിരുന്നു ചിത്രത്തിന്‍റെ ആമസോണ്‍ പ്രൈം റിലീസ്.

"പൃഥ്വി, ഇത് ഞാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ഒരു സിനിമയുണ്ട്. ഞാനത് കണ്ടു. അത് ഗംഭീരമാണെന്ന് തോന്നി. ഞാന്‍ ആ സിനിമ ഏറെ ഇഷ്‍ടപ്പെട്ടുവെന്നും സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ് അതെന്നും ദയവായി അതിന്‍റെ സംവിധായകനോട് പറയുമോ.. നിങ്ങളുടെ പേര് അതില്‍ കണ്ടു. അതിനാല്‍ ഈ മെസേജ് പൃഥ്വി വഴി അയക്കാമെന്ന് കരുതി. വളരെ നല്ല ചിത്രമാണ് അത്", പൃഥ്വിരാജിന് അയച്ച സന്ദേശത്തില്‍ റാണി മുഖര്‍ജി കുറിക്കുന്നു. താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ലെന്ന് അറിയിക്കുന്ന പൃഥ്വിരാജ് ജിയോ നേടിയ വലിയ വിജയത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്.

'കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ ചിത്രം വലിയ അഭിപ്രായം നേടി. കണ്ടവര്‍ കണ്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ മികച്ച അഭിപ്രായം പങ്കുവച്ചതോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.