കൊവിഡ് 19നെത്തുടര്‍ന്നുള്ള ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. കൊച്ചി നഗരത്തില്‍ നിന്ന് അകലത്തല്ലാതെയുള്ള, എന്നാല്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള താന്തോന്നിത്തുരുത്തിലെ നിവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇന്ന് പോയിരുന്നു. താന്തോന്നിത്തുരുത്തിലേക്കുള്ള വഞ്ചിയാത്രയുടെ ചിത്രം സഹിതം കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം പങ്കുവച്ചുകൊണ്ടാണ് രണ്‍ജി പണിക്കര്‍ സുഹാസിനെ അഭിനന്ദിച്ചിരിക്കുന്നത്.

തന്‍റെ സിനിമകളിലെ പഞ്ച് ഡയലോഗുകളില്‍ നിന്ന് കടമെടുത്ത പ്രയോഗങ്ങളിലാണ് രണ്‍ജി പണിക്കര്‍ കളക്ടറെ അഭിനന്ദിക്കുന്നത്. "രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്‍റെ കളക്ടർ ശ്രീ സുഹാസ് ഐ എഎസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടർ. സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി, സുഹാസ്..", രണ്‍ജി പണിക്കര്‍ കുറിച്ചു.

താന്തോന്നിത്തുരുത്തിലേക്ക് എത്തിയ സാഹചര്യം പറഞ്ഞുകൊണ്ടുള്ള കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- "ഇന്നു രാവിലെ താന്തോണിത്തുരുത്തിൽ! കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു തുരുത്ത്. വഞ്ചിയിലല്ലാതെ താന്തോണിത്തുരുത്തിൽ എത്താൻ മാർഗമില്ല. പാവപ്പെട്ട 65 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്. സ്ഥിര വരുമാനക്കാരല്ലാത്ത ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്‍റെ ചെറിയൊരു പിന്തുണ നൽകാനുമാണ് ഇന്നു രാവിലെ തുരുത്തിലെത്തിയത്. ഈ ലോക് ഡൗൺ കാലത്ത് അവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ. പ്രയാസകരമാണ് ഈ ലോക് ഡൗൺ ദിവസങ്ങൾ. പക്ഷെ സുരക്ഷിതമായൊരു ഭാവിക്കായി ഈ ദിവസങ്ങൾ നമ്മൾ താണ്ടിയേ മതിയാകൂ. നിയന്ത്രണങ്ങൾ പാലിച്ച്.."