ഒരു പൗര എന്ന നിലയിൽ സുപ്രീം കോടതി വിധിയെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. എന്നാലും ഞാനൊരു ഹിന്ദുവും കൂടിയാണ്. ജനിച്ചതും വളർന്നതും ഹിന്ദുവായിട്ടാണ്.  

കൊച്ചി: ശബരിമല വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. മതവും നിയമവും ഒരുമിച്ച് കൊണ്ട് കൊണ്ടുപോകാന്‍ കഴിയില്ല, പക്ഷെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുമെന്നും രഞ്ജിനി പറഞ്ഞു. യൂട്യൂബ് ചാനലായ ജമേഷ് ഷോയിൽ സംസാരിക്കുകയായിരുന്നു രഞ്ജിനി.

‘എനിക്ക് തന്നെ ആശയക്കുഴപ്പമുള്ള കുറെ മേഖലകളുണ്ട്. അതിലൊന്നാണ് ശബരിമല. എന്റെ അഭിപ്രായത്തിൽ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിലയിൽ സുപ്രീം കോടതി വിധിയെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. എന്നാലും ഞാനൊരു ഹിന്ദുവും കൂടിയാണ്. ജനിച്ചതും വളർന്നതും ഹിന്ദുവായിട്ടാണ്. ഞാൻ വളർന്ന് വന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്. രണ്ടും തമ്മിൽ ഇപ്പോൾ കൂട്ടിമുട്ടുകയാണ്, രഞ്ജിനി പറഞ്ഞു.

ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. ഞാൻ പരാമ്പരാഗത ചിന്താഗതിക്കാരിയാണോ അതോ പുരോഗമനവാദിയാണോ എന്ന കാര്യത്തില്‍ എനിക്ക് തന്നെ ഇപ്പോൾ സംശയമുണ്ട്. പുറത്തുനിന്ന് നോക്കുന്നവർക്ക് ഞാനൊരു പുരോഗമനവാദിയാണ്. പക്ഷേ അകത്ത് ഞാൻ തനി നാടൻ ആണ്. പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസ്സിലാകുന്നതെന്നും രഞ്ജിനി പറഞ്ഞു.