മോഹന്‍ലാലിന്റെ പില്‍ക്കാല കരിയറില്‍ ഒരു പ്രത്യേക ജനുസ്സിലുള്ള മാസ് സിനിമകള്‍ക്ക് തുടക്കമിട്ട ചിത്രമാണ് 1993ല്‍ പുറത്തിറങ്ങിയ 'ദേവാസുരം'. തീയേറ്ററുകളില്‍ നൂറിലധികം ദിനങ്ങള്‍ പിന്നിട്ട് വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് ഐ വി ശശിയായിരുന്നു. രചന നിര്‍വ്വഹിച്ചത് രഞ്ജിത്തും. രഞ്ജിത്തിന്റെ എഴുത്തുജീവിതത്തിലും ഒരു വഴിമാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു ദേവാസുരം. 'പെരുവണ്ണാപുരത്തെ വിശേഷങ്ങളും' 'ശുഭയാത്ര'യും 'നന്മ നിറഞ്ഞവന്‍ ശ്രീനിവാസനും' 'ജോര്‍ജൂട്ടി c/o ജോര്‍ജൂട്ടി'യുമൊക്കെയാണ് ദേവാസുരത്തിന് മുന്‍പ് രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രങ്ങള്‍. ദേവാസുരത്തിലാണ് ഒന്നിനെയും കൂസാത്ത ഒരു നായകന്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ ആദ്യമായി എത്തുന്നത്. ദേവാസുരം സൃഷ്ടിച്ച ട്രെന്റിന് പിന്നാലെ മലയാളസിനിമ വിശേഷിച്ചും സൂപ്പര്‍താര സിനിമകള്‍ ഏറെക്കാലം സഞ്ചരിച്ചു. സംഭാഷണപ്രധാനം കൂടിയായിരുന്നു പലപ്പോഴും ആ സിനിമകള്‍. നായക കഥാപാത്രങ്ങളുടെ ദൈര്‍ഘ്യമുള്ള സംഭാഷണങ്ങള്‍ അവയുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ 'ബുക്കിഷ്' (bookish) ആയി തോന്നുന്നുണ്ടെന്ന് പറയുന്നു രഞ്ജിത്ത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ തുറന്നുപറച്ചില്‍.

'സിനിമയിലെ നീലകണ്ഠന്റെ ഡയലോഗുകള്‍ക്കെല്ലാം വലിയ കയ്യടി കിട്ടിയിരുന്നു. പക്ഷേ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ 'ബുക്കിഷ്' ആയി തോന്നുന്നുണ്ട്. കാരണം അത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല. പക്ഷേ ആ കാലത്ത് സിനിമയിലെ കഥാപാത്രങ്ങള്‍ ആ ഭാഷ സംസാരിച്ചുകേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കാലം മാറി. നീലകണ്ഠനെപ്പോലൊരു കഥാപാത്രം ഇന്നില്ല. അയാള്‍ സംസാരിച്ച ഭാഷയില്‍ ഇന്നാരും സംസാരിക്കുന്നുമില്ല', രഞ്ജിത്ത് വിശദീകരിക്കുന്നു.

ദേവാസുരത്തിനുശേഷം മോഹന്‍ലാലിനുവേണ്ടി ആറാം തമ്പുരാനും ഉസ്താദും നരസിംഹവുമൊക്കെ രഞ്ജിത്ത് എഴുതി. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തതും 'ദേവാസുര'ത്തിലെ നായകന്‍ മംഗലശ്ശേരി നീലകണ്ഠനെ ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചുകൊണ്ടായിരുന്നു. നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ 'രാവണപ്രഭു'വും (2001) തീയേറ്ററുകളില്‍ വന്‍ സ്വീകാര്യത നേടിയ ചിത്രമാണ്.