ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയൊരുക്കാന്‍ രഞ്ജിത്ത്. മോഹന്‍ലാല്‍ നായകനായ 'ഡ്രാമ'യ്ക്കുശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍ നായകനാവുന്ന ആദ്യ രഞ്ജിത്ത് ചിത്രവുമാണ്. നേരത്തെ രഞ്ജിത്ത് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'ഇന്ത്യന്‍ റുപ്പി'യില്‍ അതിഥിവേഷത്തില്‍ ഫഹദ് എത്തിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ 'ട്രൂകോപ്പി തിങ്കി'നു നല്‍കിയ അബിമുഖത്തിലാണ് രഞ്ജിത്ത് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

"ഒരാള്‍ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്? ഒന്നുകില്‍ ഈ വിഷയം സിനിമയാക്കി എനിക്ക് പ്രസന്‍റ് ചെയ്‍തേ പറ്റൂ എന്ന ത്വര ഉണ്ടാവുക. ഞാന്‍ അങ്ങനെയൊരു വിഷയത്തിലേക്ക് വന്നിട്ടുണ്ട്. ഫഹദ് ഫാസില്‍ ആണ് അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞാന്‍ മനസുകൊണ്ട് അതിലേക്ക് കടന്നു. അതിന്‍റെ എഴുത്ത് തുടങ്ങി", രഞ്ജിത്ത് പറയുന്നു. എന്നാല്‍ ഫഹദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതൊഴിച്ച് മറ്റു വിവരങ്ങളൊന്നും രഞ്ജിത്ത് പങ്കുവച്ചിട്ടില്ല. അതേസമയം ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്‍റെ മരണമാണ് സിനിമയുടെ വിഷയമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ഇതേ അഭിമുഖത്തില്‍ മധുവിന്‍റെ ജീവിതം സിനിമയാകുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് മധുവിന്‍റെ റോളില്‍ ഫഹദ് എത്തുമെന്നുള്ള പ്രചരണം. എന്നാല്‍ ഫഹദിനെ നായകനാക്കി താന്‍ ഒരുക്കുന്ന ചിത്രമാണോ ഇതെന്ന് രഞ്ജിത്ത് പറഞ്ഞിട്ടില്ല.

സംവിധായകന്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ സിനിമയില്‍ സജീവമാണ് രഞ്ജിത്ത്. കൂടെ, ഉണ്ട, അയ്യപ്പനും കോശിയും റിലീസ് ആവാനിരിക്കുന്ന കിംഗ് ഫിഷ്, വണ്‍ എന്നീ ചിത്രങ്ങളിലൊക്കെ രഞ്ജിത്ത് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രഞ്ജിത്ത് സഹഉടമയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചത്. ഷാഹി കബീറിന്‍റെ രചനയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രം 'നായാട്ടി'ന്‍റെ നിര്‍മ്മാണവും ഗോള്‍ഡ് കോയിന്‍ ആണ്.