മമ്മൂട്ടി നായകനാവുന്ന 'ഉണ്ട'യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ രഞ്ജിത്ത്. 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയെപ്പോലെ രഞ്ജിത്തിനും പൊലീസ് കഥാപാത്രമാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി ആണ് മമ്മൂട്ടി കഥാപാത്രം. മമ്മൂട്ടി കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സിഐ മാത്യൂസ് ആന്റണിയായാണ് രഞ്ജിത്ത് സ്‌ക്രീനിലെത്തുന്നത്. രഞ്ജിത്തിന്‍റെ ചിത്രത്തിലെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തേ ഗുല്‍മോഹന്‍, അന്നയും റസൂലും, കൂടെ തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രഞ്ജിത്തിന്റെ പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ് അദ്ദേഹം.

അതേസമയം 'ഉണ്ട', ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണെന്ന് അറിയുന്നു. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു. ചിത്രത്തിന്റെ ഇതിനകം പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.