ദില്ലി: റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടുന്ന വീഡിയോ വൈറലായതോടെ പ്രശസ്തയായ റനു മണ്ഡൽ പുത്തൻ മേക്കോവറിലെത്തിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റനു വീണ്ടും ഓൺലൈൻ സെൻസെഷൻ ആകുകയായിരുന്നു. എന്നാൽ, റനുവിന്റെ മേക്കോവറുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിലടക്കം ഉയർന്നത്.

റനുവിനെയും റനുവിനെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനെയും ട്രോളി നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം എത്തിയിരുന്നത്. 'കണ്ടിട്ട് പേടിയാകുന്നു, നല്ല തമാശയായിട്ടുണ്ട്, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്' എന്നു തുടങ്ങിയ വിമർശനങ്ങൾ റനുവിനെതിരെ ഉയർന്നിരുന്നു. റനുവിനെ പിന്തുണച്ചും ആളുകൾ എത്തിയിരുന്നു. മേക്കപ്പിനെ കുറിച്ചോ മേക്ക് ഓവറിനെ കുറിച്ചോ ബോധമുള്ളയാളാണ് റനു മണ്ഡല്‍ എന്ന് കരുതുന്നില്ലെന്നും. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ മോശമായ രീതിയില്‍ മേക്കപ്പ് ചെയ്ത ആർട്ടിസ്റ്റിനെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നും ആളുകൾ പ്രതികരിച്ചു.

Read More:'വിശ്വസിക്കാനാകുന്നില്ല', പുത്തൻ മേക്കോവറിൽ റനുവിനെ കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

എന്നാൽ, ട്വിറ്ററിലൂടെയും മറ്റ് സോഷ്യൽമീഡിയ വഴിയും പ്രചരിച്ചത് റനുവിന്റെ വ്യാജ ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ. സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത് റനുവിന്റെ വ്യാജ ചിത്രമാണെന്ന് കുറിച്ച സന്ധ്യ, മേക്കോവറിന് ശേഷമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. റനുവിനെ മേക്കപ്പ് ചെയ്ത ഒരുക്കിയത് സന്ധ്യയായിരുന്നു. 

Read More:റനു മണ്ഡാലിന്റെ 'മേക്ക് ഓവര്‍'; ട്രോളിന് ശേഷം ട്വിറ്ററില്‍ പുതിയ വാദം...

'കളിയാക്കിയതും വിമർശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാൽ ആസ്വദിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകൾ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ സത്യാവസ്ഥ മനസ്സിലാകും', സന്ധ്യ കുറിച്ചു.

കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റനുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റനു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എല​ഗന്റ് ഹെയർ സൈറ്റൽ റനുവിനെ കൂടുതൽ സുന്ദരിയാക്കി. തന്റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയെന്ന് റനു തന്നെ അന്ന് പറഞ്ഞിരുന്നു.