ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിക്കൊണ്ടിരിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രശസ്തയായ റനു മണ്ഡാലിന്റെ കിടിലന്‍ മേക്ക് ഓവറായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ഒരു പ്രധാന ചര്‍ച്ച. റനുവിന്റെ മേക്കപ്പിനെ ട്രോളി നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം രംഗത്തെത്തിയത്.

കണ്ടിട്ട് പേടിയാകുന്നു എന്നും, നല്ല തമാശയായിട്ടുണ്ടെന്നും, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണെന്നുമെല്ലാം പലരും റനുവിനെതിരെ എഴുതി. വ്യാപകമായ 'ബോഡി ഷെയിമിംഗാണ്' അവര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്നത്. 

 

 

 

 

മനോഹരമായ ക്രീം ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ്, കടുപ്പത്തില്‍ മേക്കപ്പിട്ട റനുവിന്റെ ചിത്രങ്ങളും വീഡിയോയുമായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. എന്നാല്‍ റനുവിനെ ട്രോളിയവര്‍ക്കെതിരെ ചോദ്യമുയര്‍ത്തിക്കൊണ്ട് ഇന്ന് റനുവിനെ പിന്തുണച്ച് പുതിയ വാദവുമായി എത്തിയിരിക്കുകയാണ് പല ട്വിറ്റര്‍ ഉപഭോക്താക്കളും. 

മേക്കപ്പിനെ കുറിച്ചോ മേക്ക് ഓവറിനെ കുറിച്ചോ ബോധമുള്ളയാളാണ് റനു മണ്ഡാല്‍ എന്ന് കരുതുന്നില്ലെന്നും. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ മോശമായ രീതിയില്‍ മേക്കപ്പ് ചെയ്ത ആര്‍ട്ടിസ്റ്റിനെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നുമാണ് ഇവരുയര്‍ത്തുന്ന ചോദ്യം. അത് ചെയ്യാതെ റനു മണ്ഡാലിനെ ആക്ഷേപിക്കുന്നത് നിലവാരമല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

 

ഒരാളുടെ സ്വതസിദ്ധമായ നിറത്തേയും രൂപത്തേയും മാറ്റുന്നതല്ല മേക്കപ്പെന്നും, അവയെയെല്ലാം മനോഹരമായി പ്രതിഫലിപ്പിക്കുക മാത്രമാണ് മേക്കപ്പിലൂടെ ചെയ്യേണ്ടതെന്നും റനു മണ്ഡാലിനെ പിന്തുണച്ചുകൊണ്ട് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കുറിച്ചു. 

 

 

ലതാ മങ്കേഷ്‌കറിന്റെ 'എക് പ്യാര്‍ കി നഗ്മാ ഹേ' എന്ന ഹിറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് റനു ഇന്റര്‍നെറ്റ് ലോകത്തില്‍ സുപരിചിതയായത്. ഒറ്റ രാത്രി കൊണ്ട് പതിനായിരങ്ങളാണ് റനുവിന്റെ പാട്ട് കണ്ടത്. ഇതിന് ശേഷം റനുവിന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. പ്രശസ്തയായതോടെ മുമ്പ് ഉപേക്ഷിച്ചുപോയ മകള്‍ റനുവിനെ തേടിയെത്തി. പലയിടങ്ങളിലും പല പരിപാടികളിലായി അതിഥിയായി റനുവിന് ക്ഷണം വരാന്‍ തുടങ്ങി. 

ഇതിനിടെ ഹിമേഷ് രെഷ്മിയയുടെ കൂടെ ബോളിവുഡില്‍ പാടാനും റനുവിന് അവസരം ലഭിച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റനു വിവാദങ്ങള്‍ക്ക് നടുവിലാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായതിനാല്‍ തന്നെ, സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വലിയ രീതിയിലാണ് റനുവിന്റെ സ്വകാര്യതയില്‍ ഇടപെടുന്നത്. പൊതുചടങ്ങുകളിലെത്തുന്ന റനുവിനൊപ്പം ചിത്രമെടുക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതും, അതുകൊണ്ട് തന്നെയാണ്. അത്തരത്തില്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടിയ പെണ്‍കുട്ടിയെ റനു, ശകാരിക്കുന്നതിന്റെ വീഡിയോ ആണ് വിവാദത്തിന് കാരണമായത്. ഇതിന് പിന്നാലെയാണ് റനുവിന്റെ 'മേക്ക് ഓവര്‍' ചിത്രങ്ങള്‍ പുറത്തുവന്നത്.