മുംബൈ: ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരദമ്പതികള്‍ ബിഗ് സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി രണ്‍വീര്‍ സിങ് എത്തുന്ന  '83' എന്ന ചിത്രത്തിലൂടെയാണ് രണ്‍വീറും ദീപിക പദുക്കോണും വിവാഹശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്. 

കപില്‍ ദേവിന്‍റെയും ഭാര്യ റോമിയുടെയും രൂപം അതേപടി പകര്‍ത്തിയിരിക്കുകയാണ് രണ്‍വീറും ദീപികയും. ഗംഭീര മോക്കോവറിലാണ് ഇരുവരും എത്തുന്നത്. ചിത്രത്തിലെ ഇവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥയാണ് സിനിമ പറയുന്നത്. കബീര്‍ ഖാന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. 'എന്‍റെ ഭാര്യയാവാന്‍ ആരാണ് കൂടുതല്‍ മികച്ചത്, എന്‍റെ ഭാര്യയല്ലാതെ' എന്നാണ് ദീപികയുടെ കഥാപാത്രത്തെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്. 

Read More: ആദ്യ പ്രസവത്തിന് ശേഷം ശരീരത്തോട് ചെയ്ത അനീതി ഇനി ആവര്‍ത്തിക്കില്ലെന്ന് നടി സമീറ റെഡ്ഡി

കഠിനമായ വ്യായാമത്തിന് പുറമെ കപില്‍ ദേവിന്‍റെ ശരീരഭാഷയും മറ്റും സൂക്ഷ്മമായി മനസ്സിലാക്കിയുമായിരുന്നു രണ്‍വീര്‍ കഥാപാത്രമാകാന്‍ തയ്യാറെടുത്തത്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീറിന്‍റെ ജീവിതത്തിലെ സുപ്രധാന കഥാപാത്രമാകും ഇതെന്നാണ് വിലയിരുത്തല്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.