Asianet News MalayalamAsianet News Malayalam

രണ്‍വീറിന്‍റെ നഗ്ന ചിത്രങ്ങള്‍; ചര്‍ച്ചകള്‍ അവശേഷിപ്പിക്കുന്നത്

ഒരു മാസികക്ക് വേണ്ടി നഗ്നനായി പോസ് ചെയ്തുള്ള രൺവീറിന്റെ ഫോട്ടോകൾ സ്ത്രീകളുടെ വികാരത്തെ ഹനിക്കുന്നതെന്നാണ് നടന് എതിരെയുള്ള പരാതി

ranveer singh nude photos debate still going on overview
Author
Thiruvananthapuram, First Published Jul 28, 2022, 5:18 PM IST

രൺവീർ സിങ് (Ranveer Singh) വാർത്തകളിൽ ഇടംപിടിക്കുന്നത് പുതിയ കാര്യമേ അല്ല. അഭിനയിക്കുന്ന സിനികളുടെ പേരിലും ഏതു വസ്ത്രവും എങ്ങനെയും ഇടാനുള്ള ആത്മവിശ്വാസം കൊണ്ടും  ഭാര്യ ദീപികയോടുള്ള ആരാധന കലർന്ന പ്രണയം വിളിച്ചുപറഞ്ഞും രൺവീർ സിങ് എപ്പോഴും വിനോദലോകത്തെ വാർത്തകളിലുണ്ടാകും. ഇതിനിടയിൽ ഇപ്പോൾ രാജ്യത്തെ നിയമരംഗത്തും സദാചാരനിർവചനങ്ങളിലും നിറഞ്ഞുനിൽക്കുകയാണ് രൺവീർ സിങ്.

ഒരു മാസികക്ക് വേണ്ടി നഗ്നനായി പോസ് ചെയ്തുള്ള രൺവീറിന്റെ ഫോട്ടോകൾ സ്ത്രീകളുടെ വികാരത്തെ ഹനിക്കുന്നതെന്നാണ് നടന് എതിരെയുള്ള പരാതി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ സമീപനത്തിന് രണ്ട് വിരുദ്ധചേരികളിൽ നിൽക്കുന്ന രണ്ട് സിനിമാപ്രവർത്തകരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം കൗതുകകരമായിരുന്നു. കുറച്ചധികം യാഥാസ്ഥിതികമനോഭാവമുള്ള ചിലരുടെ വിവരക്കേട് എന്നാണ് കേസിനെ കുറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞത്. നടി സ്വര ഭാസ്കർ പറഞ്ഞത് നമ്മുടെ നാട്ടിൽ ഒന്നും ചെയ്യാനില്ലാത്തവരുടെ എണ്ണം കൂടുന്നുവെന്നതിന് തെളിവെന്ന്. രാംഗോപാൽ വർമയുടെ പ്രതികരണവും രസമായിരുന്നു. സ്ത്രീകൾ അൽപവസ്ത്രധാരികളായുള്ള ഫോട്ടോകൾ കൂടുതലുള്ളതു കൊണ്ട്  മേഖലയിൽ പുരുഷസമത്വം കൊണ്ടുവരാനായി രൺവീൺ നടത്തിയ ശ്രമമെന്നാണ് മൂപ്പരുടെ വിലയിരുത്തൽ. രൺവീറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ നടിമാർ ആലിയ ഭട്ട്, പരിണീതി ചോപ്ര, വാണി കപൂർ തുടങ്ങിയവർ നടന് പിന്തുണ അറിയിച്ചിരുന്നു. 

ranveer singh nude photos debate still going on overview

 

സംഗതി എന്തായാലും പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോട്ടോയെ കുറിച്ചുള്ള വർത്തമാനങ്ങൾ തീർന്നിട്ടില്ല.ആവിഷ്കാരസ്വാതന്ത്ര്യം, സ്വന്തം ശരീരത്തിൻമേൽ ഒരാൾക്കുള്ള അവകാശം, സ്വന്തം ശരീരത്തെ കുറിച്ച് ഒരാൾക്കുള്ള ആത്മവിശ്വാസം, ശരീരമെന്ന മാധ്യമത്തിന്റെ പ്രതിഫലനം, സദാചാരത്തിന്റെ അളവുകോലുകൾ, ധാർമികതയുടേയും സദാചാരത്തിന്റേയും നിർവചനം, നിയമവ്യവസ്ഥകളുടെ ഉപയോഗവും ദുരുപയോഗവും തുടങ്ങി ഒരു ഫോട്ടോയെ കുറിച്ച് പറയാൻ ഇത്ര സമയം കളയാൻ മാത്രം നാട്ടിൽ വേറെ വിഷയങ്ങൾ ഒന്നുമില്ലേ എന്നുവരെ ചർച്ചയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവർ ഖജുരാഹോ ക്ഷേത്രത്തിലെ ശിൽപങ്ങൾ നമ്മുടെ നാട്ടിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. നിയമവ്യവസ്ഥകളെ കുറിച്ച് പറയുന്നവർ നാട്ടിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും ഓർമപ്പെടുത്തുന്നു. എം എഫ് ഹുസൈൻ നേരിടേണ്ടിവന്ന പ്രതിഷേധങ്ങളും തുറന്നുപറച്ചിലുകൾക്ക് എഴുത്തുകാർ കേട്ട ആക്ഷേപങ്ങളും ചർച്ചകളിൽ വീണ്ടുമെത്തുന്നു. മൊത്തത്തിൽ ജഗപൊഗ.

ALSO READ : എങ്ങനെയുണ്ട് 'ലെജന്‍ഡ്'? റിലീസ്‍ദിന പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്

ഇതിന് സമാനമായ ഒരു ചർച്ച ഇതിന് മുമ്പ് ഇത്ര ആവേഗത്തിൽ നടന്നത് 95 കാലത്താണ്. മിലിന്ദ് സോമനും മധു സപ്രെയും നഗ്നരായി പോസ് ചെയ്തത് ഒരു ഷൂ ബ്രാൻഡിന് വേണ്ടിയായിരുന്നു. ഒരു പെരുമ്പാമ്പ് മാത്രമായിരുന്നു മോഡലുകളുടെ മറ. രണ്ടുപേർക്കുമെതിരെ കേസ് വന്നു. പത്ത് പതിനാലുവർഷത്തിന് ശേഷം രണ്ടുപേരെയും കോടതി വെറുതെ വിട്ടു. പൊടിപിടിച്ചുകിടക്കുന്ന പഴയ രേഖകളിലെവിടെയോ ഓർമയായുണ്ട് ആ കേസ്. പരസ്യത്തിലെ ഷൂ ബ്രാൻഡ് ഇപ്പോഴില്ല. സൂപ്പർ മോഡലായിരുന്ന മധു സപ്രെ ഇറ്റലിക്കാരനായ ഭർത്താവിന്റെ നാട്ടിൽ മകൾക്കൊപ്പം  താമസിക്കുന്നു. പ്രായം കൂടുതൽ മെച്ചപ്പെടുത്തിയ ലുക്കുമായി ഫിറ്റ്നസ് വീഡിയോകളും സിനിമകളുമൊക്കെയായി മിലിന്ദ് സോമൻ ഇപ്പോഴും സജീവമാണ്. 

ranveer singh nude photos debate still going on overview

 

രൺവീറിന് എതിരായ കേസിന്റെ സ്ഥിതി എന്താകും എന്നത് കാത്തിരുന്ന് കാണാം. കാതലായ ചോദ്യം ഇന്നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഇതാണോ എന്നതാണ്. സ്വന്തം ശരീരത്തിൽ വിശ്വാസമുള്ള, ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് വിചാരിക്കുന്ന ഒരാൾ നഗ്നനായി ഫോട്ടോ എടുത്താൽ, ഏതെങ്കിലും ആശയസാക്ഷാത്കാരത്തിന് (ഉദാഹരണത്തിന് ബോഡി പോസിറ്റിവിറ്റി) എതെങ്കിലും മോഡൽ നഗ്നമായി പോസ് ചെയ്താൽ... അത്തരം കാര്യങ്ങളിലെ ക്രിയേറ്റിവിറ്റി, സൗന്ദര്യം, ആശയപ്രതിഫലനം ഇത്യാദികൾ വിലയിരുത്തിയാൽ എന്താണ് കുഴപ്പം?    

Follow Us:
Download App:
  • android
  • ios