കവര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ പേരില്‍ റാപ്പര്‍ വൈജി അറസ്റ്റിലായി. ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനിരിക്കെയാണ് റാപ്പര്‍ വൈജി അറസ്റ്റിലാകുന്നത്.

കീനണ്‍ ജാക്സണ്‍ എന്ന വൈജിയെ ലോസ് ഏഞ്ചല്‍സ് അധികൃതരാണ് അറസ്റ്റ് ചെയ്‍തത്. പിന്നീട് വൈജിയെ ഉപാധിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്‍തതായി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എന്തിനാണ് അറസ്റ്റ് എന്നോ കവര്‍ച്ചാക്കുറ്റം എന്താണ് എന്നോ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ വെടിവയ്‍പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൈജിയുടെ വസതിയിലും അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം ഞായറാഴ്‍ച നിപ്‍സെ ഹസ്‍ലെയ്‍ക്ക് ആദരവായി ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പ്രോഗ്രാം ചെയ്യാനിരിക്കുകയാണ് വൈജി. അമേരിക്കൻ റാപ്പറും ആക്റ്റീവിസ്റ്റുമായി നിപ്‍സെ ഹസ്‍ലെയെ കഴിഞ്ഞ വര്‍ഷം ലോസ് ഏഞ്ചല്‍സില്‍ വെച്ച് എറിക് ഹോള്‍ഡര്‍ എന്നയാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.