ദേവ് മോഹനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ രശ്‍മിക മന്ദാന പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ പ്രൊജക്റ്റിന് തുടക്കമായി. 'റെയിൻബോ' എന്നാണ് ചിത്രത്തിന്റെ പേര്. ദേവ് മോഹനാണ് ചിത്രത്തില്‍ നായകനാകുന്നത്. നവാഗതനായ ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ഫാന്റസിയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഊട്ടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക. രണ്ട് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരിക്കും 'റെയിൻബോ'. പ്രമേയം എന്തെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'റെയിൻബോ' എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 20 ദിവസമായിരിക്കും. ഡ്രീം വാരിയര്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. കെ എം ഭാസ്‍കരനാണ് ഛായാഗ്രാഹണം. രശ്‍മികയുടെ പുതിയ ചിത്രം എങ്ങനെയുള്ളതായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
'മിഷൻ മജ്‍നു'വാണ് രശ്‍മിക നായികയായി അവസാനമായി പ്രദര്‍ശനത്തിനെത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമര്‍ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് 'മിഷൻ മജ്‍നു' എന്ന ചിത്രം ആര്‍എസ്‍വിപി മൂവിസ്, ഗ്വില്‍ടി ബൈ അസോസിയേഷൻ മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ നിര്‍മിച്ചത്.
'അമൻദീപ്' എന്ന റോ ഏജന്റായിട്ടാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിട്ടത്ത്. 'നസ്രീൻ ഹുസൈനാ'യിട്ടാണ് രശ്‍മിക മന്ദാന ചിത്രത്തില്‍ വേഷമിട്ടത്. 'മിഷൻ മജ്‍നു' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ബിജിതേഷ് ആണ്. പര്‍മീത് സേതി, ഷരിബ് ഹഷ്‍മി, കുമുദ് മിശ്ര, സക്കിര്‍ ഹുസൈൻ, രജിത് കപുര്‍, അവിജിത് ദത്ത്, അവന്തിക അകേര്‍കര്‍ എന്നിവരും 'മിഷൻ മജ്‍നു'വില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
