1938ല്‍ ഇന്‍ഡോറില്‍ ജനിച്ച അര്‍വിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്

മുതിര്‍ന്ന സിനിമാ, ടെലിവിഷന്‍ താരം അര്‍വിന്ദ് ത്രിവേദി (Arvind Trivedi- 82) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളുടെ അവശത അനുഭവിച്ചിരുന്ന അദ്ദേഹത്തിന്‍റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

ദൂരദര്‍ശന്‍ സംപ്രേഷണത്തിലൂടെ പ്രേക്ഷക ലക്ഷങ്ങളെ നേടിയ രാമാനന്ദ് സാഗറിന്‍റെ 'രാമായണ്‍' പരമ്പരയാണ് അര്‍വിന്ദ് ത്രിവേദിയുടെ ഏറ്റവും ശ്രദ്ധേയ വേഷം. പരമ്പരയില്‍ രാവണന്‍റെ റോളിലായിരുന്നു അദ്ദേഹം. 1938ല്‍ ഇന്‍ഡോറില്‍ ജനിച്ച അര്‍വിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഗുജറാത്തി ചിത്രം 'ദേശ് രെ ജോയ ദാദ പര്‍ദേശ് ജോയ' അര്‍വിന്ദിനും ഗുജറാത്തി സിനിമയില്‍ സവിശേഷസ്ഥാനം നേടിക്കൊടുത്തു. പിന്നീട് ബോളിവുഡിലേക്കും എത്തി. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

Scroll to load tweet…

ഗുജറാത്തിലെ സബര്‍കത്ത മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്‍റിലെത്തിയ അര്‍വിന്ദ് ത്രിവേദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‍സി) ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-2003 കാലഘട്ടത്തിലായിരുന്നു ഇത്.