രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം

മലയാളത്തിലെ റീ റിലീസുകളില്‍ തിയറ്ററില്‍ ഏറ്റവും ഓളം സൃഷ്ടിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ഇപ്പോഴിതാ ഛോട്ടാ മുംബൈക്ക് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ‍ഡിജിറ്റല്‍ മിഴിവോടെ തിയറ്ററുകളിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ എത്തിയ 2001 ചിത്രം രാവണപ്രഭുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ റീമാസ്റ്ററിംഗ് നിര്‍വ്വഹിക്കുന്ന മാറ്റിനി നൗ ആണ് സോഷ്യല്‍ മീഡിയയിലൂടെ രാവണപ്രഭു റീ റിലീസിന്‍റെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പുതിയ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്.

ഈ ചിത്രം റീ റിലീസ് ആയി എത്തുമെന്ന് നേരത്തേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഛോട്ടാ മുംബൈ റീ റിലീസ് വിജയകരമായപ്പോള്‍ മോഹന്‍ലാല്‍ ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയിലൂടെ ആവശ്യപ്പെട്ടിരുന്നതാണ് രാവണപ്രഭു റീ റിലീസ്. ഉടന്‍ വരും എന്നതല്ലാതെ ചിത്രത്തിന്‍റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഛോട്ടാ മുംബൈ കൂടാതെ മോഹന്‍ലാലിന്‍റെ മറ്റ് മൂന്ന് ചിത്രങ്ങള്‍ ഇതിനകം റീ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. അതില്‍ സ്ഫടികം ആണ് സമീപവര്‍ഷങ്ങളിലെ റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്ന് ആദ്യം എത്തിയത്. പിന്നാലെ ദേവദൂതനും മണിച്ചിത്രത്താഴും എത്തി. ഉദയനാണ് താരം എന്ന ചിത്രവും ഇത്തരത്തില്‍ റീ റിലീസിന് ഒരുങ്ങുന്നുണ്ട്. മണിച്ചിത്രത്താഴ് അടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും ഡിജിറ്റല്‍ റിലീസിനായി പുതുക്കുന്നത്.

മോഹന്‍ലാലിന്‍റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് രഞ്ജിത്ത് രാവണപ്രഭു ഒരുക്കിയത്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്നതായിരുന്നു രാവണപ്രഭുവിന്‍റെ യുഎസ്‍പി. റിലീസ് സമയത്ത് ട്രെന്‍ഡ്സെറ്റര്‍ ആയിരുന്നു ചിത്രം. ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്