പുതിയ റോളിൽ സംഗീത സംവിധായകൻ രവി ബസ്റൂർ; 'വീര ചന്ദ്രഹാസ' വരുന്നു
'മഡ്ഡി' എന്ന ചിത്രത്തിലൂടെ രവി ബസ്റൂർ മലയാളത്തിലും സംഗീതം ഒരുക്കിയിരുന്നു.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒട്ടനവധി ഹിറ്റ് സിനിമകൾക്ക്(കെ.ജി.എഫ്, സലാർ) സംഗീതം നൽകിയ രവി ബസ്റൂർ പുതിയ റോളിൽ. 'വീര ചന്ദ്രഹാസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സംവിധായകന്റെ കുപ്പായം ആണ് അദ്ദേഹം അണിഞ്ഞിരിക്കുന്നത്. രവി ബസ്റൂർ മൂവീസുമായി സഹകരിച്ച് ഓംകാർ മൂവീസാണ് ചിത്രം ഒരുക്കുന്നത്. യക്ഷഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രം എൻ എസ് രാജ്കുമാറാണ് നിർമ്മിക്കുന്നത്. ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്.
കിരൺകുമാർ ആർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ തന്നെയാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗർ കൈകാര്യം ചെയ്യുന്നു.
പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ സഹകരണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആകർഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ആതിര ദിൽജിത്ത്.
'മഡ്ഡി' എന്ന ചിത്രത്തിലൂടെ രവി ബസ്റൂർ മലയാളത്തിലും സംഗീതം ഒരുക്കിയിരുന്നു. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറായാണ് ഒരുങ്ങിയത്.
നൂറ് മില്യണ്‍ സ്ട്രീമിംഗ് മിനിറ്റുകള്‍; ചരിത്രം കുറിച്ച് വമ്പൻ താരനിരയുടെ 'മനോരഥങ്ങൾ'