തെലുങ്ക് നടൻ വിജയ രംഗരാജു ചെന്നൈയിൽ അന്തരിച്ചു. വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മരണത്തെത്തുടർന്ന്, സിനിമയുടെ പഴയ പരസ്യവും വൈറലാകുന്നു.

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.

വിജയ രംഗരാജുവിന്‍റെ മരണത്തിന് പിന്നാലെ വിയറ്റ്നാം കോളനിയുടെ പഴയ പത്ര പരസ്യം കൂടി വൈറലാകുകയാണ്. എവിഎം ഉണ്ണി ആര്‍ക്കേവ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പഴയ പത്ര പരസ്യം വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര്‍ എന്ന വില്ലന്‍ കഥാപാത്രം എത്രത്തോളം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി എന്ന് വ്യക്തമാക്കുന്നു. 

1993ൽ വിയറ്റ്നാം കോളനി സിനിമയുടെ അറുപത്തിയൊന്നാം ദിവസം പുറത്തിറങ്ങിയ പത്ര പരസ്യത്തില്‍ പറയുന്നത് ഇതാണ്, "ആരാണ് ഈ റാവുത്തർ...? കോളനിയെ കിടിലം കൊള്ളിക്കുന്ന ഈ റാവുത്തർ ആരാണെന്നും. ആ നടന്റെ പേരും അഡ്രസ്സും എന്താണെന്നും ചോദിച്ചുകൊണ്ടുള്ള നിരവധി കത്തുകൾ ഞങ്ങൾക്ക് ദിവസേന വന്നുകൊണ്ടിരിക്കുകയാണ്. അവയ്ക്കുള്ള മറുപടിയാണ് ഈ കത്ത്.
ബോംബെ ഗുസ്തി ചാമ്പ്യനായ തമിഴ്നാട്ടുകാരൻ ശ്രീ: രാജ്‌കുമാറാണ് വില്ലന്മാരിൽ വില്ലനായ ഈ റാവുത്തർക്ക് ജന്മം നൽകിയിരിക്കുന്നത്" ഒപ്പം അദ്ദേഹത്തിന്‍റെ അഡ്രസും നല്‍കിയിട്ടുണ്ട്. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് വിജയ രംഗരാജു അന്തരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഒരു ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് ഹൃദയഘാതം അനുഭവപ്പെട്ടിരുന്നു. 

തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംസ്കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. 

ചെന്നൈയിൽ തിയറ്റര്‍ നടനായിരുന്ന രംഗരാജു ശേഷം വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. എല്ലാം വില്ലന്‍ വേഷങ്ങള്‍ തന്നെയായിരുന്നു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടി. 

പ്രിയപ്പെട്ട റാവുത്തർക്ക് 'സാമി'യുടെ യാത്രാമൊഴി; വിജയ രംഗരാജുവിന് ആദരാഞ്ജലിയുമായി മോഹൻലാൽ

'വിയറ്റ്നാം കോളനിയിലെ റാവുത്തര്‍' വിജയ രംഗരാജു അന്തരിച്ചു