'തിയറ്റര്‍ റിലീസ് ചെയ്‍താല്‍ പരമാവധി ദിവസങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതടക്കം വിട്ടുവീഴ്ചകള്‍ത്ത് തങ്ങള്‍ തയ്യാര്‍'

കൊച്ചി: മോഹന്‍ലാല്‍ (Mohanlal) ചിത്രം 'മരക്കാറി'ന്‍റെ (Marakkar) ഒടിടി റിലീസ് (OTT Release) സംബന്ധിച്ചുയര്‍ന്ന ചൂടേറിയ ചര്‍ച്ചകളില്‍ നിലവിലെ സ്ഥിതി അറിയിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). മരക്കാറിന്‍റെ നിര്‍മ്മാതാവ് സംഘടനയില്‍ നിന്ന് രാജി വച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആന്‍റണി പെരുമ്പാവൂര്‍ ദിലീപിന് നല്‍കിയെന്ന് പറയപ്പെടുന്ന രാജിക്കത്തിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരക്കാറിന്‍റെ റിലീസ് സംബന്ധിച്ച് ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. ആന്‍റണി പെരുമ്പാവൂരുമായി ചേംബര്‍ പ്രസിഡന്‍റ് ചര്‍ച്ച നടത്താനാണ് ധാരണയായിരിക്കുന്നത്. തിയറ്റര്‍ റിലീസ് ചെയ്‍താല്‍ പരമാവധി ദിവസങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതടക്കം വിട്ടുവീഴ്ചകള്‍ത്ത് തങ്ങള്‍ തയ്യാറാണ്. ഇക്കാര്യം ചേംബര്‍ പ്രസിഡന്‍റ് സുരേഷ് കുമാര്‍ വഴി ആന്‍റണിയെ അറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ക്ക് സാധിക്കുംവിധം പരമാവധി തുക ശേഖരിക്കും. ഇത് അഡ്വാന്‍സ് ആയി നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. ഒടിടി പ്ലാറ്റ്‍ഫോം നല്‍കാമെന്ന് പറയുന്ന തുക ഷെയര്‍ ആയി നിര്‍മ്മാതാവിന് നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കും. മരക്കാറിന് അഡ്വാന്‍സ് ആയി കുറഞ്ഞത് 10 കോടി നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടതുപോലെ മിനിമം ഗ്യാരന്‍റി എന്ന നിലയില്‍ ഇത് നല്‍കാനാവില്ലെന്നും ഫിയോക് പ്രസിഡന്‍റ് പറഞ്ഞു.

'200 തിയറ്റര്‍ തരാം എന്നു പറഞ്ഞിട്ട് കരാറായത് 86 എണ്ണം'; വാക്ക് മാറ്റിയത് തിയറ്ററുകാരെന്ന് സിയാദ് കോക്കര്‍

മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാനാവുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. എന്നാല്‍ ഉറപ്പില്ല. മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മറിച്ച് സംഭവിച്ചാല്‍ അത് ആ സിനിമയുടെ വിധിയാണെന്നും വിജയകുമാര്‍ പറഞ്ഞു. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ഇപ്പോഴും ഫിയോകിന്‍റെ വൈസ് ചെയര്‍മാനെന്നും രാജിക്കത്തിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്‍താവന സ്വാഗതാര്‍ഹമാണെന്നും ഫിയോക് വിലയിരുത്തുന്നു. മറ്റു സിനിമകളുടെ റിലീസില്‍ ആശങ്കയില്ലെന്നും 94 സിനിമകള്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറാണെന്നും വിജയകുമാര്‍ പറഞ്ഞു. ഒരു മാസത്തിനകം മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കി പ്രദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.