'മരണ വാർത്ത. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ' എന്നായിരുന്നു തമ്പ് നെയിം.
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമായി നടി അംബിക മോഹന്റേത്. പതിറ്റാണ്ടുകളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി ഒട്ടനവധി വേഷങ്ങൾ മലയാള സിനിമയിലും സീരിയലുകളിലും അംബിക ചെയ്തു കഴിഞ്ഞു. ഇപ്പോഴും അഭിനയ ജീവിതവുമായി മുന്നോട്ട് പോകുന്ന അംബികയുടെ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. സ്വന്തം മരണവാർത്ത കണ്ട് ചിരിക്കുന്ന അംബികയെ ആണ് ഇതിൽ കാണാനാവുക.
കെടിവി മീഡിയ എന്ന ഓൺലൈൻ ചാനലിലാണ് അംബികയുടെ മരണ വാർത്ത വന്നത്. 'മരണ വാർത്ത. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ' എന്നായിരുന്നു തമ്പ് നെയിം. ഈ വാർത്തയാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. ശേഷം അംബികയെ കാണിക്കുന്നുണ്ട്. 'ചിരിച്ചേ പരേത'എന്ന് വീഡിയോ എടുത്ത സ്ത്രീ പറയുന്നത് കേൾക്കാനാകും. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ക്ലിക്ക് ബൈറ്റിന് വേണ്ടി ഇത്തരം തമ്പ് നെയിമുകൾ ഇടുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആ മാധ്യമത്തിനെതിരെ കേസ് കൊടുക്കണമെന്നുമുള്ള കമന്റുകളാണ് വരുന്നത്.
മേഘമൽഹാർ എന്ന കമൽ ചിത്രത്തിലൂടെയാണ് അംബിക മോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് അമ്മ ചെറുതും വലുതുമായി മുന്നൂറോളം സിനിമകളിൽ അംബിക അഭിനയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മീശ മാധവൻ എന്ന ദിലീപ് ചിത്രത്തിൽ ജഗതിയുടെ ഭാര്യയായി എത്തിയ അംബികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്മൾ (2002), രസികൻ (2004), ചങ്ങാതിപ്പൂച്ച (2007), ഇത് നമ്മുടെ കഥ (2011), അവതാരം (2014), രക്ഷാധികാരി ബൈജു ഒപ്പ് (2017) തുടങ്ങിയ നിരവധി സിനിമകളിൽ അംബിക ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. ഹ്രസ്വ ചിത്രങ്ങളും ആൽബങ്ങളിലും അഭിനയിച്ച അവര്‍ സീരിയലുകളില്‍ വളരെ സജീവമാണ്. നിലവില്‍ കേരളത്തിലെ പ്രമുഖ ചാനലുകളിലെ സീരിയലുകളില്‍ അംബിക വേഷമിടുന്നുണ്ട്.



