ദാബൂ രത്‍നാനിയുടെ കലണ്ടര്‍ ആണ് ഹിന്ദി സിനിമ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒട്ടുമിക്ക താരങ്ങളും ഫോട്ടോഷൂട്ടില്‍ അണിനിരന്നിട്ടുണ്ട്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിട്ടുമുണ്ട്. കലണ്ടര്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ നടി രേഖ എത്തിയപ്പോഴുള്ള ഒരു സംഭവമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച സ്ഥലം രേഖ ഒഴിവാക്കിയതാണ് സംഭവം.

താരങ്ങളുടെ ഫോട്ടോകള്‍ പതിപ്പിച്ച സ്ഥലത്തിനു മുന്നിലൂടെ രേഖ നടക്കുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ മകളും ഒപ്പമുണ്ട്. സന്തോഷവതിയായി രേഖ ഫോട്ടോകള്‍ കാണുകയാണ്. അമിതാഭ് ബച്ചന്റെ ഫോട്ടോ പതിപ്പിച്ച സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് തിരിച്ചുവരികയായിരുന്നു. ഇത് അപകട മേഖലയാണ് എന്നും രേഖ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല രേഖ അമിതാഭ് ബച്ചന്റെ ഫോട്ടോ ഒഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷം ദാബൂ രത്‍നാനിയുടെ കലണ്ടര്‍ ലോഞ്ചില്‍ രേഖ പോസ് ചെയ്യുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഫോട്ടോയ്‍ക്ക് മുന്നിലാണ് താൻ നില്‍ക്കുന്നത് എന്ന് പെട്ടെന്നാണ് രേഖ തിരിച്ചറിഞ്ഞത്. ഉടൻ അവിടെ നിന്ന് മാറുകയും ചെയ്‍തു. രേഖയും അമിതാഭ് ബച്ചനും മുമ്പ് വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു.