Asianet News MalayalamAsianet News Malayalam

'ഒടിടി മുന്നില്‍ക്കണ്ട് നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യം'; ശശി തരൂരിനോട് അടൂര്‍ ഗോപാലകൃഷ്‍ണന്‍

"മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവര്‍"

releasing movies on ott platforms make me sad says adoor gopalakrishnan to shashi tharoor mp
Author
Thiruvananthapuram, First Published Oct 24, 2021, 3:05 PM IST

ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളെക്കുറിച്ച് (OTT) തനിക്കുള്ള വീക്ഷണം മുന്‍പും പങ്കുവച്ചിട്ടുണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ (Adoor Gopalakrishnan). സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി (Shashi Tharoor MP) നടത്തിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് അടൂര്‍. മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ നിലവില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും പക്ഷേ അത് പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അടൂര്‍ പറയുന്നു. 

"ചെറു സ്ക്രീനുകളില്‍ സിനിമ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ സാഹചര്യമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്‍മും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്‍മുന്നില്‍ നില്‍ക്കുക. ബിഗ് സ്ക്രീനില്‍ കാണുമ്പോള്‍ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നുതന്നെയില്ല! കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുക. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതുപോലെ സ്ക്രീനിലെ ചലനങ്ങളും നിങ്ങള്‍ കാണുന്നു. ആ കാഴ്ചാനുഭവത്തില്‍ മറ്റൊന്നും ഇല്ല. എന്‍റെ സിനിമ മൊബൈല്‍ ഫോണിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, യഥാര്‍ഥ അര്‍ഥത്തില്‍ നിങ്ങളാ ചിത്രം കാണുന്നില്ല. അങ്ങനെ കാണുന്നപക്ഷം എന്‍റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും ഞാന്‍ പറയും", അടൂര്‍ പറയുന്നു.

"മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവര്‍. ഒടിടി റിലീസ് മുന്നില്‍ക്കണ്ട് സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമായിരിക്കും. സിനിമയുടെ വിസ്‍മയകരമായ ഘടകങ്ങളെയെല്ലാം അത് നഷ്‍ടപ്പെടുത്തും. ഒടിടിയില്‍ സിനിമ കാണാനെത്തുന്ന ഒരു കാണി, ഡെഡിക്കേറ്റഡ് ആയ ഒരു കാണിയല്ല എന്നതാണ് ഏറ്റവും പ്രധാനം. കാഷ്വല്‍ ആയ കാണിയാണ് അത്. അത്തരത്തിലാണ് എന്നെ നിങ്ങള്‍ സമീപിക്കുന്നതെങ്കില്‍ ഞാന്‍ ഏറെ നിരാശപ്പെടും". എന്നാല്‍ സിറ്റ്കോമുകള്‍ ഒടിടിയിലും കാണാമെന്നും അതില്‍ തെറ്റില്ലെന്നും പക്ഷേ സിനിമയെ സംബന്ധിച്ച് അത് നിരാശാജനകമാണെന്നും അടൂര്‍ ഗോപാലകൃഷ്‍ണന്‍ പറയുന്നു- "ഒരു സിനിമ  ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നത്", അടൂര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios