'കടല്‍പ്പാലം' എന്ന സിനിമയിലൂടെയാണ് സത്യൻ ആദ്യമായി മികച്ച നടനായത് (Sathyan).
മലയാളത്തിന്റെ മഹാനടൻ സത്യന്റെ ഓര്‍മ ദിനമാണ്. 1971 ജൂണ്‍ 15ന് ആയിരുന്നു സത്യൻ ഓര്‍മയുടെ സ്‍ക്രീനിലേക്ക് മാറിയത്. മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സത്യനായിരുന്നു. 'കടല്‍പ്പാലം' എന്ന സിനിമയിലൂടെയാണ് സത്യൻ മികച്ച നടനായത് (Sathyan).
പൊലീസിലായിരുന്നപ്പോഴായിരുന്നു സത്യൻ സിനിമാ ലോകത്തേയ്‍ക്കും എത്തിയത്. 'ത്യാഗസീമ'യടക്കമുള്ള ആദ്യകാല സിനിമകള്‍ വെളിച്ചം കണ്ടില്ല. പൊലീസില്‍ നിന്ന് രാജിവെച്ച സത്യൻ പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1952ല്‍ പ്രദര്‍ശനത്തിന് എത്തിയ 'ആത്മസഖി'യിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വൻ വിജയമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് 'സ്‍നേഹസീമ', 'ആശാദീപം', 'ലോകനീതി', 'തിരമാല' എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. ദേശീയതലത്തിലും അംഗീകാരം കിട്ടിയ 'നീലക്കുയി'ലിലെ അഭിനയത്തോടെ സത്യൻ മലയാള സിനിമയിലെ വിജയ നായകപട്ടം തലയിലണിഞ്ഞു.രാമു കാര്യാട്ട്- പി ഭാസ്‍കരൻ ടീം സംവിധാനം ചെയ്‍ത 'നീലക്കുയിലി'ല്‍ ശ്രീധരൻ പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു സത്യൻ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായി 'നീലക്കുയി'ൽ മാറിയതോടെ സത്യനും അഭിനയകുലപതിയായി.
സിനിമിയിലെ ഗാനങ്ങളുടെ വിജയവും സത്യനെ പ്രിയങ്കരനാക്കി. തുടര്‍ന്നങ്ങോട്ട് കെ എസ് സേതുമാധവൻ, എ വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം നായകനായി മാറി. തന്റെ സ്വാഭാവികാഭിനയം തേച്ചുമിനുക്കുകയും വിജയം കൊയ്യുകയും ചെയ്‍തു സത്യൻ. ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു.
'കടല്‍പ്പാലം' എന്ന സിനിമയിലെ അഭിനയത്തിലൂടെ സത്യൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി. സത്യൻ ഇരട്ടവേഷത്തിലായിരുന്നു 'കടല്‍പ്പാല'ത്തില്‍ അഭിനയിച്ചത്. അച്ഛനും മകനുമായിട്ടായിരുന്നു സത്യൻ 'കടല്‍പ്പാല'ത്തില്‍ അഭിനയിച്ചത്. സത്യന് പകരം വയ്‍ക്കാൻ മറ്റൊരു നടൻ അത്തവണ ഇല്ലായിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'കരകാണാക്കടല്‍' എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് കിട്ടിയത്. അനായാസേനയുള്ള അഭിനയ രീതി സത്യനില്‍ നിന്നാണ് കണ്ടുപഠിച്ചതെന്ന് ഇന്നത്തെ പ്രഗദ്ഭരായ നടൻമാര്‍ വരെ പറയുന്നു.
Read More : വിസ്‍മയിപ്പിക്കാൻ 'ബ്രഹ്‍മാസ്‍ത്ര', രണ്‍ബിര്‍ ചിത്രത്തിന്റെ ട്രെയിലര്‍
