സിനിമയുടെ സാങ്കേതികത വളർന്നിട്ടും ദൃശ്യഭാഷക്ക് പല പരിഭാഷകൾ വന്നിട്ടും സസ്പെൻസ് ത്രില്ലർ സിനിമകൾ ഒരുക്കുന്നവർ ഇന്നും മനസ്സിൽ ആദരിക്കുന്നതും ഗുരുതുല്യനായി കാണുന്നതും ആൽഫ്രഡ് ഹിച്ച്കോക്കിനെ തന്നെ
സ്കൂളിന്റെ പടിവാതില്‍ക്കല്‍ കളിസ്ഥലത്തിനടുത്തുള്ള ബെഞ്ചിൽ ഇരിക്കുന്ന നായിക, പുറകിലെ പാർക്കിൽ കളിയുപകരണങ്ങൾ ഉണ്ട്. അതിലൊന്നിൽ വന്നിരിക്കുന്ന ഒരു പക്ഷി. പിന്നാലെ മറ്റൊന്നു കൂടി. മൂന്നാമത്തേതും എത്താൻ വൈകുന്നില്ല. നായിക എന്തൊക്കെയോ ആലോചനയുമായി വലിച്ചുവിട്ട സിഗരറ്റ് പുകവലയത്തിനൊപ്പം മുകളിലേക്ക് കണ്ണോടിക്കുന്നു. പറന്നടുക്കുന്ന പക്ഷിക്കൊപ്പം പായുന്ന കണ്ണ് എത്തുന്നത് പാർക്കിലെ കളിയുപകരണത്തിൽ നിരനിരയായി ഇരിക്കുന്ന പക്ഷിക്കൂട്ടത്തിലേക്ക്, കാതടിപ്പിക്കുന്ന ഉദ്വേഗജനകമായ സംഗീതമോ ഗിമ്മിക്കുകളോ ഇല്ലാതെ നായിക അനുഭവിക്കുന്ന ഭയം പ്രേക്ഷകരിലേക്കും എത്തുന്നു. (The Birds 1963)
പൈസക്കണക്കും മനക്കണക്കും ഒത്തുനോക്കി കുറിപ്പുകളെഴുതിയ കടലാസ് ചെറുകഷ്ണങ്ങളാക്കി കീറി ടോയ്ലറ്റിൽ ഫ്ലഷ് ചെയ്ത ശേഷം കുളിക്കാൻ കയറുന്നവൾ. ഷവർ തുറന്നു സുഖമായി കുളിക്കുന്നതിനിടെ ഷവർ കർട്ടനിൽ തെളിയുന്ന നിഴൽ. കർട്ടൻ വലിച്ചുമാറ്റിയെത്തുന്ന മുഖംമൂടിധാരി കത്തിയെടുത്ത് കുത്തുന്നു. വെള്ളത്തിനൊപ്പം ചോരത്തുള്ളികൾ പായുന്ന ടബ്ബ്. വാട്ടർ ഹോൾ മരണവെപ്രാളത്തിൽ ടബ്ബിന് പുറത്തേക്ക് വീഴുന്നവളുടെ കണ്ണിലേക്കെത്തുന്നു. (Pshycho 1960)

ലണ്ടനിലെ ഒരു ഹാളിൽ സംഗീതപരിപാടിക്കിടെയാണ് The 39 steps (1935) എന്ന സിനിമ തുടങ്ങുന്നത്. അവസാനിക്കുന്നതും. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചാരൻമാരും എല്ലാം പരസ്പരം കണ്ടെത്തുന്നതും മനസ്സിലാക്കുന്നതും നിരപരാധികൾ രക്ഷപ്പെടുന്നതുമെല്ലാം രംഗത്ത് നടക്കുന്ന സംഗീതനാടക പരിപാടിയുടെ അകമ്പടിയോടെയാണ്. അധികപ്പറ്റായി ഒരു സംഗീതവഴി ഒപ്പമില്ലെന്ന് അർത്ഥം. അതേസമയം Suspicion (1941) ൽ സ്വന്തം ഭർത്താവിനെ സംശയിക്കുകയും പേടിക്കുകയും ചെയ്യുന്ന ഭാര്യ ഒരുമിച്ചുള്ള യാത്രയുടെ ഭയം പേറുമ്പോൾ അതിനൊത്ത പശ്ചാത്തലസംഗീതം മുഴങ്ങുന്നുണ്ട്. ഒരുവർഷം മുമ്പുള്ള Rebecca (1940) യിലും സസ്പെൻസും ഭയവും ജനിപ്പിക്കാൻ പശ്ചാത്തലസംഗീതം ഉപയോഗിക്കുന്നുണ്ട്. North by Northwest (1959) കുറച്ചുകൂടി സംഭവബഹുലമാണ്.
ദൃശ്യമാധ്യമം എന്ന സാധ്യത എത്ര ഗംഭീരമായിട്ടാണ്, ക്യാമറയുടെ കണ്ണുകളും എഡിറ്റിങ്ങിന്റെ കട്ടുകളും സംഗീതത്തിന്റെ താളവും എത്ര മനോഹരമായും സിനിമാറ്റിക് ആയുമാണ് ഇപ്പറഞ്ഞ സിനിമകളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ഒരു പേജ് നീണ്ട ഡയലോഗോ, വാദ്യോപകരണങ്ങളുടെ നീണ്ട നിര അണിനിരക്കുന്ന സംഗീതകോലാഹലമോ ഇല്ലാതെയാണ് അന്നും ഇന്നും ഈ സിനിമകളെല്ലാം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നത്, ത്രില്ലടിപ്പിക്കുന്നത്, രസിപ്പിക്കുന്നത്. ഇങ്ങനെയൊന്ന് സാധ്യമായത് ലോകസിനിമാചരിത്രത്തിലെ ഒരേയോരു മാസ്റ്റർ ഓഫ് സസ്പെൻസിന് മാത്രം. ആൽഫ്രഡ് ഹിച്ച്കോക്കിന്.
Shadow of a Doubt (1943), Notorious (1946), Lifeboat (1944), Spellbound (1945), Strangers on a Train (1951), Dial M for Murder (1954), Vertigo (1958), Marnie (1964) തുടങ്ങി ആറ് പതിറ്റാണ്ടിൽ അന്‍പതിലേറെ സിനിമകൾ ഒരുക്കിയ സംവിധായകൻ. ഹോളിവുഡിലെ പ്രഗത്ഭർ കൈ കൊടുക്കണമെന്ന് ആഗ്രഹിച്ച സംവിധായകൻ. (കാരി ഗ്രാൻറ് നാല് ഹിച്ച്കോക്ക് സിനിമയിൽ അഭിനയിച്ചു. ഇൻഗ്രിഡ് ബെർഗ്മാനും ഗ്രേസ് കെല്ലിയും മൂന്നുവീതവും). കണ്ണും നോട്ടുകളും മൈക്രോഫിലിമും പോലും ത്രില്ലിങ് ആക്കാൻ പോന്ന സംവിധായകൻ. തന്റെ ചിത്രങ്ങളിൽ ഒരു രംഗത്തെങ്കിലും മുഖം കാണിക്കുന്ന പതിവുള്ള സംവിധായകൻ. ഇതെല്ലാമായിരുന്നു ആൽഫ്രഡ് ഹിച്ച്കോക്ക്. അഞ്ച് തവണ നോമിനേഷൻ കിട്ടിയിട്ടും സംവിധാനമികവിനുള്ള ഒരു ഓസ്കർ പോലും കിട്ടാതിരുന്ന സംവിധായകന്റെ സിനിമകൾ പക്ഷേ ഓസ്കർ പ്രതിമയേക്കാളും തലപ്പൊക്കത്തിൽ ചരിത്രത്തിൽ ഇടം നേടി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കൻ നാഷണൽ ഫിലിം രജിസ്ട്രിയുമടക്കം മികവിന്റെ രേഖകളിൽ നിരവധി ഹിച്ച്കോക്ക് സിനിമകളുണ്ട്. സിനിമയിലെ ത്രില്ലടിപ്പിക്കുന്ന ഹിച്ച്കോക്ക് തിരശ്ശീലക്കു പുറത്തുള്ള വേദികളിലും അഭിമുഖങ്ങളിലും സരസമായ വാക്കുകൾ കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ചു.

ഹോളിവുഡിന് അത്ര പതിവില്ലാത്ത വിധം ദാമ്പത്യത്തിലും സിനിമാജീവിതത്തിലെ വിജയം ഹിച്ച്കോക്കിന് സ്വന്തമായിരുന്നു. 1926 ഡിസംബർ മുതൽ 1980 ഏപ്രിലിൽ കണ്ണടയുംവരെ ഹിച്ച്കോക്ക് അൽമ റെവിലിന്റെ കൈപിടിച്ചു. സമഗ്രസംഭാവനകൾക്കുള്ള ആദരവായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (AFI) സമ്മാനിച്ച ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി ഹിച്ച്കോക്ക് ഇങ്ങനെ പറഞ്ഞു. ‘എനിക്ക് ഏറ്റവും സ്നേഹവും പ്രോത്സാഹനവും അംഗീകാരവും പിന്തുണയും തന്ന നാലുപേരെ കുറിച്ച് എനിക്ക് ഇവിടെ പറയണം. ഒന്ന്, ഒരു എഡിറ്ററാണ്, രണ്ടാമത്തേത് ഒരു തിരക്കഥാകൃത്താണ്. മൂന്നാമത്തെ ആൾ എന്റെ മകളുടെ അമ്മയാണ്. നാലാമത്തെയാൾ ഒരു വീട്ടടുക്കളയിൽ അത്ഭുതം തീർത്ത അതിഗംഭീര കുക്കാണ്. ഇവർ നാലുപേർക്കും ഒരൊറ്റ പേരാണ് അൽമ റെവിൽ‘.
സിനിമയുടെ സാങ്കേതികത വളർന്നിട്ടും ദൃശ്യഭാഷക്ക് പല പരിഭാഷകൾ വന്നിട്ടും സസ്പെൻസ് ത്രില്ലർ സിനിമകൾ ഒരുക്കുന്നവർ ഇന്നും മനസ്സിൽ ആദരിക്കുന്നതും ഗുരുതുല്യനായി കാണുന്നതും ആൽഫ്രഡ് ഹിച്ച്കോക്കിനെ തന്നെ. സസ്പെൻസ് മാസ്റ്ററുടെ ആ കസേരയിൽ ഇരിക്കാൻ അദ്ദേഹത്തിനൊപ്പം പോന്ന ഒരാൾ ഇനിയും ഉദിച്ചിട്ടില്ല തന്നെ. Sir Alfred Joseph Hitchcock (13/08/1899- 29/04/1980) ലോകസിനിമാ ചരിത്രത്തിലെ അതികായൻ. The one and only Master of Suspense.
