Asianet News MalayalamAsianet News Malayalam

'സേതുമാധവന്‍' തല്ലിത്തോല്‍പ്പിച്ചിട്ടും തോല്‍ക്കാത്ത 'പരമേശ്വരന്‍'; എങ്ങനെ മറക്കും കുണ്ടറ ജോണിയെ?

കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ ഒരു ഫിലോസഫറാണ്

remembering kundara johny and his iconic character in kireedam and chenkol with mohanlal nsn
Author
First Published Oct 18, 2023, 12:31 AM IST

ഏത് അഭിനേതാക്കള്‍ക്കും കരിയറില്‍ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങള്‍ ചെയ്തവരെങ്കിലും അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിടീടത്തിലെയും അതിന്‍റെ തുടര്‍ച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല.

മനുഷ്യന്‍റെ ഉള്ളറിയുന്ന ലോഹിതദാസിന്‍റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. ഒക്കെയും ഉള്ളുള്ളവര്‍. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണന്‍ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹന്‍രാജിന്‍റെ കീരിക്കാടന്‍ ജോസിനെപ്പോലെ ഡാര്‍ഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റര്‍ ആര്‍ക്കുകളാണ് ലോഹിതദാസ് സൃഷ്ടിച്ചത്. അച്ഛന്‍റെ ആഗ്രഹപ്രകാരം എസ്ഐ ആവാന്‍ നടക്കുന്ന നിഷ്കളങ്കനായ സേതുമാധവന്‍ ഒരു തെരുവ് ഗുണ്ടയായി മാറുന്നതിനൊപ്പം മറ്റ് കഥാപാത്രങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കിരീടത്തിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാള്‍ ഇല്ല.

കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്‍റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന മനുഷ്യന്‍. ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും അയാള്‍ തന്നെ. കിരീട് ചിത്രീകരണം തുടങ്ങി പറഞ്ഞതില്‍ നിന്നും രണ്ട് ദിവസം വൈകിയാണ് കീരിക്കാടനെ അവതരിപ്പിച്ച മോഹന്‍രാജ് ലൊക്കേഷനില്‍ എത്തിയത്. ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയില്‍ ആലോചിച്ചതാണ്. എന്നാല്‍ പരമേശ്വരനായി ജോണിയുടെ ചില സീനുകള്‍ അതിനകം എടുത്തിരുന്നതുകൊണ്ടും അതിലെ അദ്ദേഹത്തിന്‍റെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നുവച്ചു. 

അക്കാലത്തെ പല മലയാള ചിത്രങ്ങളെയുംപോലെ പരിമിതമായ സാഹചര്യങ്ങളില്‍, സമയത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ ഒക്കെയായിരുന്നു കിരീടവും ചിത്രീകരണം പൂര്‍ക്കിയാക്കിയത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സേതുമാധവനും തന്‍റെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം. ലൊക്കേഷന്‍റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു. അഴുക്കില്‍ കുളിഞ്ഞ തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഇപ്പറഞ്ഞ രംഗം തമിഴില്‍ നാല് ദിവസം കൊണ്ടും തെലുങ്കില്‍ ആറ് ദിവസം കൊണ്ടുമാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ALSO READ : ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് എത്ര? അഡ്വാന്‍സ് റിസര്‍വേഷനിലൂടെ 'കണ്ണൂര്‍ സ്ക്വാഡി'നൊപ്പമെത്തി 'ലിയോ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios