600 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന കല്‍ക്കി 2898 എഡി. മഹാനടി അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മിക്ക ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ഉണ്ട്. പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം കളക്ഷനില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രത്തിന്‍റെ റിലീസ് ഈ മാസം 27 ന് ആണ്. ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്.

600 കോടി ബജറ്റില്‍ ഒരുങ്ങുന്നതെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്. അതില്‍ വലിയൊരു ഭാ​ഗം താരങ്ങളുടെ പ്രതിഫലമാണ്. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസ് തന്നെ. 150 കോടിയാണ് കല്‍ക്കിയില്‍ പ്രഭാസ് വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ പ്രതിഫലം 20 കോടിയാണ്. അമിതാഭ് ബച്ചനും കമല്‍ ഹാസനുമാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപികയുടെ അതേ പ്രതിഫലം, അതായത് 20 കോടി വീതമാണ് അമിതാഭ് ബച്ചന്‍റെയും കമല്‍ ഹാസന്‍റെയും പ്രതിഫലം.

ദിഷ പഠാനിയും ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 5 കോടിയാണ് ദിഷയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനേതാക്കള്‍ക്ക് മൊത്തമായി 250 കോടിയോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നീക്കിവെക്കുന്ന പ്രതിഫലമെന്നാണ് അറിയുന്നത്. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാ​ഗത്തില്‍ പെടുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുക.

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ഉര്‍വ്വശിയും പാര്‍വ്വതിയും; 'ഉള്ളൊഴുക്ക്' ട്രെയ്‍ലര്‍ എത്തി

Kalki 2898 AD Trailer - Hindi | Prabhas | Amitabh Bachchan | Kamal Haasan | Deepika | Nag Ashwin