24 വർഷം മുൻപേ എപ്പിസോഡിന് കണ്ണഞ്ചും തുക, ഇന്ന് 16-ാം സീസൺ; കോൻ ബനേഗാ ക്രോർപതിയില്‍ അമിതാഭ് ബച്ചന്‍റെ പ്രതിഫലം?
2000- 2001 കാലത്താണ് ഷോയുടെ ആദ്യ സീസണ്‍ നടന്നത്
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ ഷോകളില്‍ ഒന്നാണ് കോന്‍ ബനേഗാ ക്രോര്‍പതി. പല ഭാഷകളില്‍ വന്നെങ്കിലും അന്നും ഇന്നും അക്കൂട്ടത്തില്‍ ഏറ്റവും ഫാന്‍ ഫോളോവിംഗ് അമിതാഭ് ബച്ചന്‍ അവതാരകനാവുന്ന ഹിന്ദി പതിപ്പിന് ആണ്. ഹിന്ദിയിലെ 16-ാം പതിപ്പിന്‍റെ പ്രീമിയര്‍ ഇന്ന് നടക്കുകയാണ്. കോടിപതികളായ പല വിജയികളെയും കണ്ട ഹിന്ദി പതിപ്പില്‍ ഒറ്റ സീസണിലൊഴികെ മറ്റെല്ലാ സീസണുകളുടെയും അവതാരകന്‍ അമിതാഭ് ബച്ചന്‍ ആണ്. സീസണ്‍ 3 ല്‍ മാത്രം ഷാരൂഖ് ഖാന്‍ ആയിരുന്നു അവതാരകന്‍. ഇത്രയധികം പ്രൈസ് മണിയുള്ള ഒരു ഷോയിലെ അവതാരകന് ലഭിക്കുന്ന പ്രതിഫലം എത്രയാവും? നോക്കാം...
2000- 2001 കാലത്ത് നടന്ന കോന്‍ ബനേഗാ ക്രോര്‍പതി സീസണ്‍ 1 ല്‍ എപ്പിസോഡ് ഒന്നിന് അമിതാഭ് ബച്ചന് ലഭിച്ച പ്രതിഫലം 25 ലക്ഷം ആയിരുന്നെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട്, നാല് സീസണുകളിലെ അദ്ദേഹത്തിന്‍റെ പ്രതിഫലം സംബന്ധിച്ച് വിവരമില്ല. മൂന്നാം സീസണില്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു അവതാരകന്‍. എന്നാല്‍ അഞ്ചാം സീസണില്‍ വമ്പന്‍ പ്രതിഫലമാണ് അമിതാഭ് ബച്ചന്‍ വാങ്ങിയിരുന്നതെന്നാണ് വിവരം. സിയാസതിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് എപ്പിസോഡ് ഒന്നിന് ഒരു കോടിയാണ് ബിഗ് ബി വാങ്ങിയത്. 2011 ല്‍ ആയിരുന്നു അഞ്ചാം സീസണ്‍.
2012, 2013 വര്‍ഷങ്ങളില്‍ നടന്ന ആറ്, ഏഴ് സീസണുകളില്‍ 1.5 കോടി മുതല്‍ 2 കോടി വരെയാണ് എപ്പിസോഡിന് അമിതാഭ് ബച്ചന്‍ വാങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മത്സരാര്‍ഥികള്‍ക്കുള്ള പ്രൈസ് മണി ഒരു കോടിയില്‍ നിന്ന് 7 കോടിയിലേക്ക് ഉയര്‍ത്തപ്പെട്ട സീസണ്‍ ആയിരുന്നു 7-ാം സീസണ്‍. എട്ടാം സീസണില്‍ അമിതാഭ് ബച്ചന്‍ എപ്പിസോഡിന് വാങ്ങുന്ന തുക 2 കോടിയിലേക്ക് ഉയര്‍ത്തി. സീസണ്‍ 9 ല്‍ ഇത് 2.6 കോടിയിലേക്കും ഉയര്‍ന്നു.
2018 ല്‍ സംപ്രേഷണം ചെയ്ത സീസണ്‍ 10 ല്‍ ഒരു എപ്പിസോഡ് അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍ വാങ്ങിയത് 3 കോടിയാണെന്നാണ് സിയാസതിന്‍റെ റിപ്പോര്‍ട്ട്. 11, 12, 13 സീസണുകളില്‍ എപ്പിസോഡ് ഒന്നിന് അമിതാഭ് ബച്ചന്‍ പ്രതിഫലമായി വാങ്ങിയത് 3.5 കോടി ആണെന്ന് ജാഗ്രന്‍ ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ നടന്ന കോന്‍ ബനേഗാ ക്രോര്‍പതി 14-ാം സീസണില്‍ ബച്ചന്‍ എപ്പിസോഡിന് വാങ്ങിയത് 4 മുതല്‍ 5 കോടി വരെയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 15, ഇന്ന് ആരംഭിക്കുന്ന 16 സീസണുകളിലെ അദ്ദേഹത്തിന്‍റെ പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തെത്തിയിട്ടില്ല. എന്നാല്‍ 15-ാം സീസണിലും തൊട്ടു മുന്‍പത്തെ സീസണിന്‍റെ അതേ പാറ്റേണിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം എന്നാണ് കരുതപ്പെടുന്നത്. അതായത് ഒരു എപ്പിസോഡിന് 5 കോടി വരെ!
ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍