കല്യാണ വീട്ടില്‍ ബിഗ് ബോസ് ഹൗസ് പോലെ പൊട്ടിത്തെറിയുണ്ടാകുമോയെന്നുമാണ് റെനീഷയുടെ സംശയം.
ബിഗ് ബോസിലെ ഇത്തവണത്തെ വിജയി അഖില്‍ അടുത്തിടെ ഏഷ്യാനെറ്റിലെ 'പത്തരമാറ്റ്' എന്ന സീരിയലിന്റെ പരസ്യത്തില്‍ വേഷമിട്ടിരുന്നു. 'അനന്തപുരിയില്‍ മാംഗല്യം' എന്ന് പേരിട്ട പ്രൊമൊയിലായിരുന്നു അഖില്‍ വേഷമിട്ടത്. തിരക്കഥാകൃത്തായിരുന്നു പരസ്യ ചിത്രത്തില്‍ അഖില്‍. ഇപ്പോഴിതാ രണ്ടാം സ്ഥാനക്കാരിയായ റെനീഷയുടെ വീഡിയോയാണ് 'പത്തരമാറ്റി'ന്റെ പരസ്യമായി പുറത്തുവിട്ടിരിക്കുന്നത്.
'പത്തരമാറ്റ്' എന്ന സീരിയിന്റെ കഥാഗതിയില്‍ അഖില്‍ ആശങ്കപ്പെടുന്നതായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. അന്ന് അഖിലേട്ടൻ പറഞ്ഞതുപോലെ ഞങ്ങളും കണ്‍ഫ്യൂഷനിലാണ് ഇപ്പോള്‍ എന്നാണ് 'പത്തരമാറ്റി'ന്റെ പുതിയ പരസ്യത്തില്‍ റെനീഷ റഹിമാൻ പറയുന്നത്. ആ കല്യാണം നടക്കുമോ?. കല്യാണ വീട്ടില്‍ ബിഗ് ബോസ് ഹൗസ് പോലെ പൊട്ടിത്തെറിയുണ്ടാകുമോ? എല്ലാത്തിനുമുള്ള ഉത്തരം കാത്തിരുന്ന അറിയാം. 'പത്തരമാറ്റ്' ഏഷ്യാനെറ്റില്‍ രാത്രി 8.30നെന്നും വീഡിയോയില്‍ റെനീഷ വ്യക്തമാക്കുന്നു. എന്തായാലും റെനീഷയുടെ പരസ്യവും ഹിറ്റായിരിക്കുകയാണ്.
ഏഷ്യാനെറ്റിലെ 'സീതാ കല്യാണം' എന്ന സീരിയലിലൂടെ പ്രിയങ്കരിയായ നടിയാണ് റെനീഷ. 'സീത', 'സ്വാതി' സഹോദരിമാരുടെ കഥ പറഞ്ഞ 'സീതാ കല്യാണ'ത്തില്‍ അനിയത്തിയായിട്ടായിരുന്നു റെനീഷ വേഷമിട്ടത്. 'സീതാ കല്യാണ'ത്തിന് ശേഷം 'മനസ്സിനക്കരെ'യെന്ന സീരിയലില്‍ 'അഞ്‍ജലി'യായും റെനീഷ റഹിമാൻ പ്രേക്ഷകരുടെ മുന്നിലെത്തി. 'ഭയം' എന്ന റിയാലിറ്റി ഷോയിലൂം താരം പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലാണ് 'പത്തരമാറ്റ്'. ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥയാണ് 'പത്തരമാറ്റ്' പ്രമേയമാക്കുന്നത്. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് ഇത്. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം കഥാഗതിയില്‍ നിറയുന്നു. മിഡിൽ ക്ലാസ് കുടുംബമായ 'ഉദയഭാനു'വിന്റെയും 'കനകദുർഗ'യുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.
Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി
