എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു.
വിരലിൽ എണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു വർഷം നീണ്ട യാത്രയ്ക്ക് ഒടുവിൽ നാട്ടിലെത്തിയിരിക്കുന്ന പ്രണവിന്റെ പുതിയ സിനിമ ഏതെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. ഈ അവസരത്തിൽ വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. നേരത്തെയും വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു.
അതേസമയം, എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചു യുവാക്കളുടെ കഥയാകും ചിത്രം പറയുക. ഇതിൽ മൂന്ന് പേരെ തീരുമാനിച്ചതായും മറ്റ് രണ്ടുപേരുടെ കാര്യത്തിൽ തീരുമാനം ആയാൽ ചിത്രം പ്രഖ്യാപിക്കുമെന്നും ആണ് വിനീത് പറഞ്ഞിരുന്നത്. ഇത് പ്രണവിനൊപ്പം ഉള്ള ചിത്രമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഒരു പുതിയ സിനിമ ചെയ്യാന്‍ പ്രണവിനെ കണ്‍വീന്‍സ് ചെയ്യാനാകുമോ എന്ന ചോദ്യത്തിന് അടുത്തിടെ വിനീത് നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'എനിക്ക് അറിഞ്ഞൂടാ. നമുക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവന്‍ എന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ പോയി കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാല്‍ പടം ചെയ്യും", എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞത്.

ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; പുതിയ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, വമ്പൻ അപ്ഡേറ്റ് എത്തി
