ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

മ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ടർബോ. മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകരും ആരാധകരും ഏറ്റെടുക്കുന്നത്.

ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ടർബോയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ജൂൺ 13ന് ആണ് മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്തുക എന്നായിരുന്നു അണിയറക്കാർ അറിയിച്ചത്. എന്നാൽ ഈ തിയതിയിൽ മാറ്റം വരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 13ന് മുൻപ് ടർബോ തിയറ്ററിൽ എത്തുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. അതായത് മെയ് 23ന്. അപ്ഡേറ്റ് ഉടൻ പുറത്തുവരുമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

അതേസമയം, ടർബോയുടെ ‍ഡബ്ബിം​ഗ് വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 24ന് മമ്മൂട്ടി ഡബ്ബി​ങ്ങിന് എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആക്ഷന്‍- കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അച്ചായൻ ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് ടർബോയ്ക്ക് സം​ഗീതം ഒരുക്കുന്നത്. എന്തായാലും ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ആക്ഷന്‍ മോഡിൽ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.

വിഷു 'രം​ഗണ്ണൻ' എടുത്തോ? കളക്ഷനിൽ 'അഴിഞ്ഞാടി' ഫഹദ്; കോടികൾ വാരിക്കൂട്ടി വീണ്ടുമൊരു മലയാള പടം

അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..